സുരേഷ് ഗോപിയെ നായകനാക്കി ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സിനിമ വരുന്നു

single-img
14 July 2026

സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഗരുഡന്’ ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് സുരേഷ് ഗോപി നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ സുരേഷ് ഗോപിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചു.

സുരേഷ് ഗോപിയെ നായകനാക്കി ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് കാസ്റ്റിംഗ് കോളില്‍ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ 40 വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തില്‍ സുരേഷ് ഗോപിയുടെ കരിയറിലെ ആദ്യത്തെ മുഴുനീള ക്യാമ്പസ് ചിത്രമായിരിക്കും ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരുക്കുന്നത്.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ കുറിച്ചും മറ്റു അഭിനേതാക്കളെ കുറിച്ചുമുള്ള വിവരങ്ങള്‍ കാസ്റ്റിംഗ് കോളില്‍ പങ്കുവെച്ചിട്ടില്ല. ഓണത്തിന് ശേഷം ചിത്രീകരണം തുടങ്ങുന്ന സിനിമ 2027 വിഷു റിലീസായി തിയേറ്ററുകളില്‍ എത്തും.

ജെഎസ്‌കെ ആയിരുന്നു സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രവീണ്‍ നാരായണന്‍ ആയിരുന്നു സംവിധാനം. ചിത്രത്തിന്റെ പേര് വിവാദമാവുകയും സെന്‍സര്‍ ബോര്‍ഡ് റിലീസ് തടകയുമൊക്കെ ചെയ്തിരുന്നു. നിയമപോരാട്ടത്തിനൊടുവിലാണ് ചിത്രം തിയേറ്ററിലെത്തിയത്. അനുപമ പരമേശ്വരനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയരുന്നു. ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപിയുടെ റിലീസ് കാത്തു നില്‍ക്കുന്ന ചിത്രം.