തല ചായ്ക്കാന്‍ ഇടമില്ലാതെ അലഞ്ഞ് സംസ്ഥാനത്തെ 19 എംഎല്‍എമാര്‍

single-img
18 February 2023

തലസ്ഥാനത്ത് തല ചായ്ക്കാന്‍ ഇടമില്ലാതെ അലഞ്ഞ് സംസ്ഥാനത്തെ 19 എംഎല്‍എമാര്‍. പമ്ബ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെയാണ് പ്രതിസന്ധിയിലായത്.

എംഎല്‍എമാര്‍ക്ക് പകരം താമസ സ്ഥലം കണ്ടെത്താന്‍ പരസ്യം നല്‍കിയിരിക്കുകയാണ് നിയമസഭാ സെക്രട്ടറിയേറ്റ്.

ബലക്ഷയത്തെ തുടര്‍ന്നാണ് 50 വര്‍ഷത്തോളം പഴക്കമുള്ള എംഎല്‍എ ഹോസ്റ്റലിന്റെ പമ്ബ ബ്ലോക്ക് ഇടിച്ചു നിരത്തിയത്. 11 നിലയില്‍ പകരം കെട്ടിടം നിര്‍മ്മിക്കും. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ രണ്ടര വര്‍ഷമെങ്കിലും കാക്കണം. പമ്ബ ബ്ലോക്ക് കെട്ടിടം ഇടിച്ചതിന് പിന്നാലെ മറ്റൊരു ഫ്ലാറ്റ് കണ്ടെത്തിയെങ്കിലും കഷ്ടകാലം പിന്നാലെയെത്തി.

കരമന – മേലറന്നൂര്‍ റോഡിലുള്ള സ്വകാര്യ ഫ്ലാറ്റിലാണ് എംഎല്‍എമാര്‍ക്ക് പകരം താമസ സൗകര്യം ഒരുക്കിയിരുന്നത്. എംഎല്‍എമാര്‍ ഇവിടെ താമസം ആരംഭിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി തുടങ്ങി. ഇതിനായി ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയ ഇടിച്ചു. ഇതോടെ എംഎഎല്‍മാര്‍ക്ക് ഇവിടെ നിന്നു കുടിയിറങ്ങേണ്ടിവന്നു. പിന്നീട് എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുകളില്‍ ഷെഡ് ഒരുക്കി താത്കാലിക താമസ സൗകര്യം നിയമസഭാ സെക്രട്ടേറിയേറ്റ് ഒരുക്കി. ഇവിടെ കാണാന്‍ എത്തുന്ന ഒരാള്‍ക്ക് കസേരയിട്ടു കൊടുക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.

ഇതിനെല്ലാം ഒടുവിലാണ് എം എല്‍ എമാര്‍ക്ക് ഫ്ലാറ്റ് തേടിയുള്ള പരസ്യം. ചെറിയ ഡിമാന്റുകളാണ്. നിയമസഭയില്‍ നിന്നും എട്ടുകിലോ മീറ്ററിനുള്ളില്‍, നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന കെട്ടിടം വേണം. കുറഞ്ഞ വാടകയെങ്കില്‍ ഉത്തമം. സൗകര്യങ്ങളുള്ളതായിരിക്കണം. എന്നാലും എംഎല്‍എമാര്‍‍ക്ക് വേണ്ടിയെന്നു പറഞ്ഞാലും ഫ്ലാറ്റ് വാടകക്കു നല്‍കാന്‍ പലര്‍ക്കും മടിയാണെന്നത് പ്രശ്നമാണ്. നിരന്തരമായി സന്ദര്‍ശകരെത്തുന്നത് മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് ഫ്ലാറ്റുടമകള്‍ പറയുന്നത്.