അയ്യപ്പനെ താത്പര്യം ഇല്ലാത്ത ആളുകള്‍ ഒഴിഞ്ഞുകൊണ്ട് ദൈവവിശ്വാസം ഉള്ള ഒരാളെ ഈ വകുപ്പ് ഏല്‍പ്പിക്കണം: ശോഭ സുരേന്ദ്രൻ

single-img
12 December 2023

ശബരിമലയിൽ ഇപ്പോൾ സംഭവിച്ചത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും ദേവസ്വം വകുപ്പിന്റെയും വലിയ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ.നവകേരള സദസിന്റെ വിജയത്തിന് ആഭ്യന്തരവകുപ്പ് പ്രഥമ പരിഗണന നൽകിയതാണ് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

ശബരിമലയിൽ മണ്ഡലകാലമാകുമ്പോൾ വളരെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയാണ് ആഭ്യന്തരവകുപ്പ് നിയോഗിക്കാറുള്ളത്. അമിതമായ ട്രാഫിക് നിയന്ത്രിക്കാനും തിരക്കുള്ള സമയങ്ങളിൽ ദർശനം നടത്താനും ഇത്തരം ഉദ്യോഗസ്ഥർക്ക് അറിയാം. മുൻ കാലങ്ങളിൽ ഇതിലും കൂടുതല്‍ ആളുകള്‍ വന്നപ്പോഴും തിരക്ക് നിയന്ത്രിച്ചിട്ടുണ്ട്. ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യാൻ കഴിയുന്ന മികച്ച ഉദ്യോഗസ്ഥരെല്ലാം നവകേരള സദസ്സിലാണ് ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാന എഡിജിപിയും ഡിജിപിയും പരിശ്രമിക്കുന്നത് നവകേരള ബസ്സ് മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം മികച്ച രീതിയില്‍ തിരുവനന്തപുരത്ത് എത്തിക്കാനാണ്. ശബരിമല അയ്യപ്പനെ താത്പര്യം ഇല്ലാത്ത ആളുകള്‍ ഈ വകുപ്പ് ഒഴിഞ്ഞുകൊണ്ട് ദൈവവിശ്വാസം ഉള്ള ഒരാളെ ഈ വകുപ്പ് ഏല്‍പ്പിക്കണം. അതിനാണ് മുഖ്യമന്ത്രി ആദ്യം പരിശ്രമിക്കേണ്ടതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു