മധു വധക്കേസ്; പ്രോസിക്യൂഷന് വേണ്ട സൗകര്യങ്ങളും ഫീസും കൊടുക്കാതെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു: കെ സുരേന്ദ്രൻ

single-img
4 April 2023

അട്ടപ്പാടി മധു വധക്കേസിൽ കോടതി വിധിക്കെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്താതിരുന്നത് സര്‍ക്കാരിന്റെ പരാജയമാണെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. ആദിവാസി യുവാവിനെ തല്ലിക്കൊന്നത് കൊലക്കുറ്റമല്ലാതാക്കിയത് സര്‍ക്കാരിന്റെ അശ്രദ്ധയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പ്രോസിക്യൂഷന് ആവശ്യമായ സൗകര്യങ്ങളും ഫീസും കൊടുക്കാതെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 2018ല്‍ നടന്ന കേസില്‍ ഇന്നാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. 16 പ്രതികളുള്ള കേസില്‍ 14 പ്രതികളും കുറ്റക്കാരാണെന്ന് വിധിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് കൊലക്കുറ്റമാണ് ചുമത്തേണ്ടത്. 304-ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കേസ് അട്ടിമറിക്കാന്‍ തുടക്കം മുതലേ ശ്രമങ്ങള്‍ നടത്തിയിരുന്നു. കേസിൽ നാലാമത്തെ പ്രോസിക്യൂട്ടറാണ് എന്നതിൽ തന്നെ സർക്കാരിന്റെ സമീപനം വ്യക്തമാക്കാൻ സാധിക്കും. മധുവിന്റെ കേസിൽ സിപിഐഎമ്മുകാർ ഉൾപ്പെട്ടതു കൊണ്ടാണ് സർക്കാർ അലംഭാവം കാണിച്ചത്. ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.