കോര്‍പറേഷനിലെ കത്ത് വിവാദത്തിന് എതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രകാശ് ജാവദേക്കര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമര സ്ഥലത്ത് എത്തി


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തിന് എതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നഗരസഭയിലേക്ക് തള്ളിക്കയറാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. കേരളത്തിന്‍റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമര സ്ഥലത്ത് എത്തി.
‘ജനകീയ സമരത്തിന് നേരെ പൊലീസ് നടത്തിയത് അതിക്രമമാണ്. സമാധാനപരമായ സമരത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു’. ഗ്രനേഡ് സാധാരണ പ്രയോഗിക്കുന്നത് ഭീകരരെ നേരിടാനാണ് എന്നും ജാവദേക്കര്‍ പറഞ്ഞു. മേയറുടെ കത്ത് സിപിഎമ്മിന്‍റെ അറിവോടെയുള്ളത് ആണെന്നും സിപിഎം അവരുടെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുകയാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.
അതേസമയം നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ നിയമനം നല്‍കാനുള്ള മേയറുടെ പേരിലുള്ള ശുപാര്‍ശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രന്‍റെയും, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിന്‍റെയും ശുപാര്‍ശ കത്തിലും പിന്‍വാതില്‍ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക.
നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറാണ് പരാതി നല്‍കിയത്. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് – ഒന്ന് ആകും അന്വേഷണം നടത്തുക. അതേസമയം മേയറുടെ ശുപാര്‍ശ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും, കൗണ്‍സിലര്‍ ഡി ആര്‍ അനിലും ഇതേവരെ മൊഴി നല്‍കിയില്ല. പല പ്രാവശ്യം മൊഴി രേഖപ്പെടുത്താന്‍ സമയം ചോദിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി സമയം അനുവദിച്ചില്ല. അനിലിന്‍റെ മൊഴിയെടുക്കാന്‍ ഇന്നും സമയം ആവശ്യപ്പെട്ടിട്ടുണ്ട്.