സാക്ഷി മാലിക് ജോലിക്ക് തിരികെ കയറി;സമരത്തിൽ നിന്നും പിന്മാറിയില്ലെന്ന് വിശദീകരണം

single-img
6 June 2023

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തുടർന്നുവന്ന സമരത്തിൽ നിന്നും പിന്മാറിയില്ലെന്ന് വ്യക്തമാക്കി സാക്ഷി മാലിക്. സമരത്തിൽ നിന്നും പിന്മാറിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി സാക്ഷി രംഗത്തുവന്നിരിക്കുന്നത്.

നീതി കിട്ടുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് അവർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി സാക്ഷി എത്തിയിരിക്കുന്നത്.

ഇന്ന് സാക്ഷി മാലിക് റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചതോടെയാണ് സമരത്തിൽ നിന്നും പിന്മാറിയതായുള്ള വാർത്തകൾ വന്നത്. നോർത്തേൺ റെയിൽവേയിലെ ഉദ്യോഗസ്ഥയാണ് സാക്ഷി മാലിക്.

ശനിയാഴ്ച രാത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് സാക്ഷി റെയിൽവേയിലെ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. ഡൽഹിയിലെ ജന്തർമന്തറിൽ നടത്തി വന്നിരുന്ന സമരത്തിൽ നിന്നും ഗുസ്തിക്കാരെ പുറത്താക്കിയതിന് ദിവസങ്ങൾക്ക് ശേഷം സാക്ഷി മാലിക് കഴിഞ്ഞ ആഴ്ച തന്റെ ജോലി പ്രവേശിച്ചത്.

റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. അതിനിടെ ശനിയാഴ്ച രാത്രിയാണ് ഇവർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.

ശനിയാഴ്ച രാത്രി 11 ന് ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ വച്ചായിരുന്നു യോഗം ചേർന്നത്. രണ്ട് മണിക്കൂറോളം സമയം കൂടിക്കാഴ്ച്ച നീണ്ടു നിന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒളിമ്പ്യൻ ഭജറംഗ് പുനിയ തന്നെയണ് ദേശീയ മാധ്യമത്തോട് കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പങ്കുവച്ചത്.