ഒഡിഷ ട്രെയിൻ ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും

single-img
6 June 2023

ദില്ലി: ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും. ഒഡീഷയില്‍ നിന്ന് ധനേഷ് പാരദ്വീപ് പോർട്ട് ട്രസ്റ്റ് കണ്ടെയ്നറുകൾ നൽകും. നിലവിൽ ഭുവനേശ്വർ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തത് പ്രതിസന്ധിയാകുകയാണ്. ഭുവനേശ്വർ എംയിസിൽ ഡിഎൻഎ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾ പരിശോധനയ്ക്കായി ഡിഎൻഎ സാമ്പിൾ നൽകണം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ദുരന്തത്തിൽ അജ്ഞാതരെ പ്രതിയാക്കി കൊണ്ടാണ് റെയിൽവേ പൊലീസിന്‍റെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. 

അതിനിടെ, ഒഡിഷ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ നാല് മലയാളികൾ കൊച്ചിയിൽ തിരികെയെത്തി. തൃശ്ശൂർ സ്വദേശികളായ കിരൺ, ബിജീഷ്, വൈശാഖ്, രഘു എന്നിവരാണ് നോർക്കയുടെ സഹായത്തോടെ വിമാനമാർഗം കൊച്ചിയിലെത്തിയത്. ക്ഷേത്ര നിർമ്മാണ ജോലിക്കായിട്ടായിരുന്നു ഇവർ കൊൽക്കത്തയിൽ പോയത്. തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവർ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തലനാരിഴയ്ക്കാണ് ജീവൻ തിരികെ കിട്ടിയതെന്ന് ഇവർ പറഞ്ഞു.