കുട്ടികളിലെ സർഗാത്മകത, ഭാവന എന്നിവ വളരും; സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി അവതരിപ്പിക്കാൻ എൻസിഇആർടി

single-img
27 November 2022

രാജ്യത്ത് സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അറിയിച്ചു. ഇത്തരത്തിലുള്ള പഠനരീതി ഒന്നു മുതൽ ആറുവരെ ക്ലാസുകളിലെ വിദ്യാർഥികളിൽ ആശയപരമായ ധാരണ ശക്തിപ്പെടുത്തുകയും സമഗ്ര വികസനത്തിന് സഹായിക്കുകയും ചെയ്യും.

പഠിക്കുക എന്ന പ്രവൃത്തി കൂടുതൽ ആസ്വാദ്യകരമാക്കി കുട്ടികളിലുള്ള സർഗാത്മകത, ഭാവന എന്നിവ വളർത്താനും അവരുടെ വൈകാരികപെരുമാറ്റങ്ങളെ പോഷിപ്പിക്കാനും സഹായിക്കും. പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകളിലും ഇത് ഉൾപ്പെടുത്തിയേക്കുമെന്ന് എൻ.സി.ഇ.ആർ.ടി അറിയിച്ചു.

പദ്ധതിരേഖ പറയുന്നത്, പാവകളിലൂടെയും പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളിലൂടെയുമാണ് ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുക. പലതരത്തിലുള്ള കട്ടകൾ (ബ്ലോക്ക് ടോയ്‌സ്) ഉപയോഗിച്ച് ഗണിതശാസ്ത്രം ഫലപ്രദമായി പഠിപ്പിക്കാനാകും. അതേപോലെ തന്നെ ചെസ്സ് ബോർഡ് ഉപയോഗിച്ചാണ് ചരിത്രം പഠിപ്പിക്കുക. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ അമ്പതോളം സ്കൂളുകൾ ഇതിനകം കളിപ്പാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതിയാണ് പിന്തുടരുന്നതെന്നും അധികൃതർ അറിയിച്ചു.