5 വർഷം ഗ്രാമീണ മേഖലയിൽ അധ്യാപനം നിർബന്ധമാക്കി മമതാ സർക്കാർ
പശ്ചിമ സർക്കാർ പുതിയ വിദ്യാഭ്യാസ നയം പ്രസിദ്ധീകരിച്ചു. പുതിയ വിദ്യാഭ്യാസ നയം ഇന്നു മുതൽ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഈ നയം വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നു. പരീക്ഷാ നടപടിക്രമങ്ങളുടെ കാര്യത്തിൽ ഈ നയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രധാനമായും അധ്യാപകരുടെ കരിയറിൽ മാറ്റം വന്നിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച്, അധ്യാപകർ ആകെയുള്ള തൊഴിൽ ജീവിതത്തിന്റെ 5 വർഷമെങ്കിലും ഗ്രാമീണ സ്കൂളുകളിൽ ചെലവഴിക്കണം. കൂടാതെ പുതിയ വിദ്യാഭ്യാസ നയത്തിൽ പുതിയ ‘പ്രമോഷൻ നയവും’ കൊണ്ടുവന്നിട്ടുണ്ട്.
സ്കൂൾ തല വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദ്യ രണ്ട് വർഷം അംഗൻവാടികളിൽ ഹാജരാകുന്നതിന് വിദ്യാഭ്യാസ നയം പ്രത്യേക ഊന്നൽ നൽകുന്നു. കൂടാതെ, എട്ടാം ക്ലാസ് വരെ മൂന്ന് ഭാഷകൾ പഠിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. 178 പേജുകളുള്ള ഈ പുതിയ വിദ്യാഭ്യാസ നയം സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു നേരത്തെ പറഞ്ഞിരുന്നു. നിയമസഭയിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബ്രത്യ ബസു പറഞ്ഞു. എങ്കിലും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം പരിഷ്കരിക്കും. മാതൃഭാഷാവായനയ്ക്ക് പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തിന്റെ പുതിയ വിദ്യാഭ്യാസ നയം.
ഒന്നാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് ബംഗാളി ഭാഷയെക്കുറിച്ച് ഒരു ധാരണ നൽകണമെന്ന് സംസ്ഥാന സർക്കാർ വിദ്യാഭ്യാസ നയത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടാതെ, പുതിയ വിദ്യാഭ്യാസ നയം ഹയർ സെക്കൻഡറിയിലെ MCQ ചോദ്യങ്ങളിൽ നിന്ന് നിരവധി വിഷയങ്ങളിലെ സെമസ്റ്റർ സമ്പ്രദായത്തിലേക്ക് മാറും. സംസ്ഥാനത്തിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് എട്ടാം ക്ലാസ് മുതലാണ് സെമസ്റ്റർ സമ്പ്രദായം നിലവിൽ വരിക.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി സെമസ്റ്റർ സമ്പ്രദായം കൊണ്ടുവരുമെന്ന് സംസ്ഥാനം നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിദ്യാഭ്യാസ നയം 2035 ഓടെ വിദ്യാഭ്യാസ മേഖലയിൽ പശ്ചിമ ബംഗാളിനെ തിളക്കമാർന്ന സ്ഥലമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.