ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച്‌ ഡിഎംകെ

single-img
4 April 2023

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച്‌ ഡിഎംകെ. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചത്.

ബിജെപി സര്‍ക്കാരിന് കീഴില്‍ ബിജെപിയിതര സംസ്ഥാനങ്ങള്‍ നേരിടുന്ന സാമൂഹിക നീതി നിഷേധത്തിന് എതിരായ പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഡിഎംകെ യോഗം വിളിച്ചത്. വിവിധ പ്രതിപക്ഷ കക്ഷികളെ പ്രതിനിധീകരിച്ച്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാര്‍ഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഇ ടി മുഹമ്മദ് ബഷീര്‍, വൈക്കോ എന്നിങ്ങനെ ഒട്ടെല്ലാ ബിജെപിയിതര കക്ഷികളും യോഗത്തിനെത്തി. സാമൂഹിക നീതി ഒരു സംസ്ഥാനത്തിന്‍റേയോ ഒരു കൂട്ടം സംസ്ഥാനങ്ങളുടെയോ ആവശ്യമല്ല രാജ്യത്തിന്‍റെ ആവശ്യമാണെന്ന് എംകെസ്റ്റാലിന്‍ പറഞ്ഞു.

ദേശീയ ജാതി സെന്‍സസ് ഉടന്‍ നടത്തണം എന്ന ആവശ്യമാണ് പങ്കെടുത്തവരില്‍ മിക്കവരും പൊതുവായി ഉയര്‍ത്തിയത്. പക്ഷേ ഇതൊരു രാഷ്ട്രീയ കൂട്ടായ്മയാണെന്നു തന്നെ തുറന്നു പറയണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി യോഗത്തില്‍ പങ്കെടുത്ത ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച്‌ ബിജെപിയെ തുറന്ന് എതിര്‍ക്കേണ്ട രാഷ്ട്രീയ സന്ദര്‍ഭമാണെന്നും ബിജു ജനതാദളും വൈഎസ്‌ആര്‍ കോണ്‍ഗ്രസും ആ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട അനിവാര്യതയെപ്പറ്റി സിപിഎമ്മിനു വേണ്ടി സീതാറാം യെച്ചൂരിയും സിപിഐക്കുവേണ്ടി ഡി രാജയും സംസാരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായല്ല യോഗം വിളിച്ചതെന്നാണ് ഡിഎംകെയുടെ വിശദീകരണം. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന സന്ദേശമാണ് പ്രതിപക്ഷ കക്ഷികളെയെല്ലാം വിളിച്ചുകൂട്ടിയ യോഗത്തിലൂടെ സ്റ്റാലിന്‍ നല്‍കിയത്.