രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുക ഒരുമിച്ച് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ; വിഷുക്കൈനീട്ടമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

single-img
4 April 2023

ഇത്തവണ വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിലെ 60 ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ഇതിനുവേണ്ടി 1871 കോടി രൂപ അനുവദിച്ചു.കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഘട്ടത്തിലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി 22000 കോടി രൂപ മാര്‍ച്ച് മാസത്തില്‍ മാത്രം അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെന്‍ഷനും ക്ഷേമ പെന്‍ഷനുമുള്‍പ്പെടെ തുടങ്ങാന്‍ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കേരളത്തിനെ പലവിധത്തില്‍ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ മികച്ച ധന മാനേജ്‌മെന്റിലൂടെയും തനത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണെന്നും ധനമന്ത്രി പറഞ്ഞു.വര്‍ഷാന്ത്യ ചെലവുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു തൊട്ടു പിന്നാലെ കേരളത്തിലെ സാധാരണക്കാരായ 62 ലക്ഷം ജനങ്ങളിലേക്ക് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ചെത്തിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാരെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു..