രണ്ടാനമ്മയോടും അച്ഛനോടുമുള്ള പക; ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം ഉണ്ടാക്കി; കടലക്കറിയില്‍ ചേര്‍ത്തുനല്‍കി; ഗൃഹനാഥന്റെ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍

single-img
4 April 2023

തൃശൂര്‍: വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്ബാറും കടലക്കറിയും കഴിച്ച്‌ ഗൃഹനാഥന്‍ രക്തം ഛര്‍ദിച്ച്‌ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.

തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സൂപ്പര്‍വൈസറായ അവണൂര്‍ എടക്കുളം അമ്മാനത്ത് ശശീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

25കാരനായ ആയൂര്‍വേദ ഡോക്ടറായ മയൂരനാഥനാണ് അറസ്റ്റിലായത്. കടലക്കറിയില്‍ വിഷം കൊടുത്തുകൊന്നതാണെന്നാണ് മകന്‍ നല്‍കിയ മൊഴി. വിഷം കലര്‍ത്തിയത് രണ്ടാനമ്മയോടും അച്ഛനോടുമുള്ള പകമൂലമാണെന്നും പൊലീസിന് മയൂരനാഥന്‍ മൊഴി നല്‍കി. ശശീന്ദ്രന്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മകനെ ഉച്ചയോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഏറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം ഉണ്ടാക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു

കഴിഞ്ഞദിവസം വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച്‌ പുറത്തേക്ക് ഇറങ്ങിയ ശശീന്ദ്രന്‍ വഴിയില്‍ വച്ച്‌ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ശശീന്ദ്രന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചതിനു പിന്നാലെയാണ് ഭാര്യയും അമ്മയും ഉള്‍പ്പടെ നാലു പേര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. ശശീന്ദ്രന്റെ മരണത്തിന് ഇടയാക്കിയത് ഭക്ഷണത്തിലെ വിഷാംശമാണെന്ന സംശയത്തിലായിരുന്നു ഡോക്ടര്‍മാര്‍. തുടര്‍ന്ന നടത്തിയ പരിശോധനാഫലത്തില്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തതായി കണ്ടെത്തി.

ഭക്ഷണത്തിനുശേഷം തെങ്ങുകയറ്റ തൊഴിലാളികള്‍ക്കു കൂലി നല്‍കാനുള്ള പണമെടുക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിലെ എടിഎം കൗണ്ടറിലെത്തിയപ്പോഴാണു ശശീന്ദ്രന് അസ്വസ്ഥതയനുഭവപ്പെട്ടത്. സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന ശശീന്ദ്രനെക്കണ്ടു സംശയംതോന്നിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജറി വിഭാഗം പ്രഫ. ഡോ. സി. രവീന്ദ്രനാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പരിശോധന നടക്കുന്നതിനിടെ രക്തം ഛര്‍ദിച്ച്‌ അവശനിലയിലായി. തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു.സ്വാഭാവിക മരണമെന്നു കരുതി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെത്തിച്ചതിനു പിന്നാലെയാണ് മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകള്‍ പ്രകടമാക്കിയത്.

ഭാര്യ ഗീതയ്ക്കാണ് ആദ്യം ബുദ്ധിമുട്ടി അനുഭവപ്പെട്ടത്. തുടര്‍ന്ന് ശശീന്ദ്രന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സില്‍ തന്നെ ഗീതയെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ അമ്മ കമലാക്ഷിയും പറമ്ബില്‍ ജോലിക്കെത്തിയ തൊഴിലാളികളും അവശനിലയിലായി. എല്ലാവരുടെയും ശാരീരിക അസ്വസ്ഥതകളില്‍ സാമ്യത തോന്നിയതോടെയാണ് ശശീന്ദ്രന്റെ മൃതദേഹം തിരിച്ചെടുത്തു പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റിയത്. ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച്‌ വിശദമായ പരിശോധനയ്ക്കയച്ചു.വീട്ടിലുണ്ടായിരുന്ന മകന്‍ മയൂര്‍നാഥ് ഭക്ഷണം കഴിക്കാതിരിക്കുകയായിരുന്നു.