അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല; നിര്‍ണായക പ്രഖ്യാപനവുമായി മമത ബാനര്‍ജി

single-img
3 March 2023

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് തുടക്കത്തിലേ ഏറ്റ തിരിച്ചടി ആയി.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നൂറില്‍ താഴെ സീറ്റുകളില്‍ ഒതുക്കാമെന്ന് കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യമായ മമത എല്ലാ സഖ്യ ശ്രമങ്ങളില്‍നിന്നും പിന്മാറിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും എന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനര്‍ജി പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. സിപിഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയെ പിന്തുണയ്ക്കുക ആണെന്നും മമത പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.