സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് പൊതുമരാമത്ത് റോഡ് വാടകക്ക് നല്‍കിയ നഗരസഭയുടെ തീരുമാനത്തെ ന്യായീകരിച്ച്‌ തദ്ദേശ വകുപ്പ്

single-img
10 October 2022

തിരുവനന്തപുരം: നഗരത്തില്‍ സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് പൊതുമരാമത്ത് റോഡ് വാടകക്ക് നല്‍കിയ നഗരസഭയുടെ തീരുമാനത്തെ ന്യായീകരിച്ച്‌ തദ്ദേശ വകുപ്പ്.

നഗരസഭയുടെ നടപടിയില്‍ പൊതുമരാമത്ത് വകുപ്പ് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ്, തീരുമാനത്തില്‍ പുതുമയില്ലെന്ന് മന്ത്രി എംബി രാജേഷിന്‍റെ പ്രതികരണം. നഗരസഭക്കെതിരെ സര്‍ക്കാറിന് ബിജെപി പരാതി നല്‍കി.

റോഡിന്റെ ഒരു ഭാഗം വാടകയ്ക്ക് നല്‍കാനുള്ള തീരുമാനം തിരുവനന്തപുരം നഗരസഭയുടെ ട്രാഫിക് ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം എടുത്തിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ആ തീരുമാനം എടുത്തത് രാഷ്ട്രീയക്കാരും പൊലീസുകാരും അടക്കമുള്ള സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യം പുതിയ വിഷയമല്ലെന്ന് കൂടിയാണ് പറഞ്ഞുവെക്കുന്നത്.

പൊതുമരാമത്ത് റോഡിന്റെ ഒരു ഭാഗം സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് നഗരസഭ എങ്ങനെ വാടകക്ക് നല്‍കുമെന്ന ചോദ്യമുന്നയിച്ചാണ് പ്രതിഷേധം.എംജി റോഡില്‍ ആയൂര്‍വേദ കോളേജിന് എതിര്‍വശത്ത് അന്ന ഭവന്‍ ഹോട്ടലിന് മുന്നിലെ റോഡില്‍ വണ്ടി നിര്‍ത്താനെത്തിയവരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധമായി. ഇക്കാര്യത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മേയറോട് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് തദ്ദേശ മന്ത്രി എംബി രാജേഷിന്റെ പ്രതികരണം.

ക്രമവിരുദ്ധമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി നിര്‍ത്താനെത്തുന്നവരെ തടയില്ലെന്നുമാണ് ഹോട്ടലുടമയുടെ നിലപാട്. അന്നഭവന് പാര്‍ക്കിംഗ് ഏരിയ വാടകക്ക് നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. പൊലീസിന്‍റെ സഹായത്തോടെ നഗരപരിധിയില്‍ 225 വാര്‍ഡന്മാരെ ഫീസ് പിരിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും പിരിഞ്ഞു കിട്ടുന്ന തുക ട്രാഫിക് വാര്‍ഡന്‍മാരുടെ സൊസൈറ്റില്‍ അടക്കുകയാണ് പതിവെന്നും നഗരസഭ പറയുന്നു.

അപേക്ഷ പരിഗണിച്ച്‌ ചിലയിടങ്ങളില്‍ പാര്‍ക്കിംഗ് ഏരിയ വാടകക്ക് നല്‍കുന്നുണ്ട്. അവിടെ കാശ് പിരിക്കുന്നതിന് പകരം നിശ്ചിത തുക അപേക്ഷകന്‍ സൊസൈറ്റില്‍ അടക്കും. വാടക കരാറുണ്ടെങ്കിലും പാര്‍ക്കിംഗ് തടയാന്‍ അപേക്ഷകന് അധികാരമില്ല. അത് ലംഘിച്ചാല്‍ കരാര്‍ റദ്ദാക്കുമെന്നും വ്യവസ്ഥയുണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം.