നിയമസഭയിൽ ആശുപത്രി സംരക്ഷണ ബില്ലിനെതിരെ എതിർപ്പുമായി കെ ബി ഗണേഷ് കുമാര്‍

single-img
8 August 2023

സംസ്ഥാന നിയമസഭയിൽ ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് ഇടതുമുന്നണി ഘടകകക്ഷി അംഗമായ കെബി ഗണേഷ് കുമാര്‍ എംഎൽഎ. സർക്കാർ കൊണ്ടുവരുന്ന ഈ ബില്ലുകൊണ്ട് ജനങ്ങള്‍ക്ക് എന്തുസുരക്ഷയാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് പഴ്‌സന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇന്ന് സഭയില്‍ അവതരിപ്പിച്ചത്.

ബിൽ പ്രകാരം ആരോഗ്യപ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും വലിയ ശിക്ഷയാണ് ലഭിക്കുക. ഈ ബില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രൊട്ടക്ഷന്‍ കൊടുക്കും. അല്ലാതെ സാധാരണക്കാരായ ജനങ്ങൾക്ക് സുരക്ഷ നൽകുന്നില്ലെന്നും ഗണേഷ് കുമാർ ചൂണ്ടികാട്ടി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയതിന്റെ പിന്നാലെയാണ് സംസ്ഥാന സർക്കാർ ഓര്‍ഡിനന്‍സ് ഇറങ്ങിയത്. ആശുപത്രികളിൽ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സസ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നഴ്‌സസ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരാണ് നേരത്തെ ഓർഡിനൻസിൽ ഉള്‍പ്പെട്ടിരുന്നത്.

പക്ഷെ ഇപ്പോൾ ഭേദഗതിവരുത്തിയ പുതിയ ബില്ലിൽ പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സെക്യൂരിറ്റി ഗാര്‍ഡ്, മാനേജീരിയല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍ ഉൾപ്പെടും. അതേസമയം, ആരോഗ്യ പ്രവത്തകർക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് മിനിമം പിഴയും ശിക്ഷയും ഉറപ്പാക്കണം. ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ കേസ് അനേഷിക്കുകയും അറുപത് ദിവസത്തിനുള്ളില്‍ പൂര്‍ത്തികരിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഓരോ ജീവനും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.