ജില്ലാ ഭരണകൂടം നടത്തിയ ചർച്ച പരാജയം; സംഘര്‍ഷമുണ്ടായ സെന്‍റ്.മേരീസ് ബസിലിക്ക ഉടൻ തുറന്നു നൽകില്ല

single-img
26 December 2022

കുർബാന തർക്കത്തെ തുടര്‍ന്ന് സംഘര്‍ഷം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഉടൻ തുറന്നു നൽകില്ല. ഇതുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടം ഇരു വിഭാഗവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നത് വരെ പ്രാർഥനയോ വിശ്വാസികൾക്ക് പ്രവേശനമോ ഉണ്ടായിരിക്കുന്നതല്ല.

ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ചർച്ചക്കില്ല എന്നാണ് വിമത വിഭാഗത്തിന്റെ തീരുമാനം. കുർബാന നടത്താൻ പ്രത്യേകം പ്രത്യേകം സമയം അനുവദിക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം ഇരു വിഭാഗവും തള്ളുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് സിനഡ് ഇടപെടണം എന്നാണു നിലവിൽ വിമത വിഭാഗത്തിന്റെ ആവശ്യം.

നിലവിൽ ഇപ്പോള്‍ പള്ളിയുടെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. ക്രിസ്മസ് തലേന്ന് സെന്റ് മേരീസ് ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികര്‍ക്കു നേരെ അക്രമം ഉണ്ടായതോടെയാണ് സംഘർഷം തുടങ്ങുന്നത് ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്ന പക്ഷം അള്‍ത്താരയില്‍ കയറി വൈദികരെ തള്ളിമാറ്റി. ബലിപീഠവും മേശയും തള്ളിമാറ്റി. വിളക്കുകള്‍ പൊട്ടിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ഇരുപക്ഷത്തേയും പള്ളിക്ക് പുറത്തിറക്കി. പിന്നീട് പള്ളിമുറ്റത്തും സംഘര്‍ഷാവസ്ഥ തുടര്‍ന്നതോടെ പോലീസ് ഇവരേയും പുറത്തിറക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.