ഓപ്പറേഷന്‍ സിഎംഡിആര്‍എഫിന്റെ ഭാഗമായി പത്തനംതിട്ടയിലെ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ്


ഓപ്പറേഷന്‍ സിഎംഡിആര്‍എഫിന്റെ ഭാഗമായി പത്തനംതിട്ടയില്‍ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും.
കൂടലിലും ഏനാദിമംഗലത്തും ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയില്‍ അക്ഷയ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചില അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷകരെ കൂട്ടത്തോടെ എത്തിച്ചെന്നും വിജിലന്‍സിന് സംശയമുണ്ട്..
കോന്നി താലൂക്കിലെ കൂടല്‍ വില്ലേജിലും അടൂര്‍ താലൂക്കിലെ ഏനാദിമംഗലം വില്ലേജിലുമാണ് ഒരേ ഫോണ്‍ നന്പറുകള്‍ തന്നെ പല അപേക്ഷകളില്‍ കണ്ടെത്തിയത്. 2018 മുതലുള്ള അപേക്ഷകളില്‍ കൂടലില്‍ 268 എണ്ണത്തിലും ഏനാദിമംഗലത്ത് 61 എണ്ണത്തിലും ഉപയോഗിച്ചിരിക്കുന്നത് അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ ഫോണ്‍ നന്പര്‍.ഇത്രയധികം അപേക്ഷകളില്‍ ഒരേ നന്പര്‍ തന്നെ ഉപയോഗിച്ചിരിക്കുന്നതാണ് വിജിലന്‍സിനെ സംശയത്തലാക്കുന്നത്. അപേക്ഷയുമായെത്തുന്ന പ്രായമായ ആളുകള്‍ക്ക് അടക്കം ഓടിപി നന്പര്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള സൗകര്യത്തിനാണ് അക്ഷയ കേന്ദ്രത്തിലെ നന്പരുകള്‍ ഉപയോഗിച്ചതെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണ. എന്നാല്‍ വിജിലന്‍സ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ഒരു നന്പര്‍ തന്നെ ഉപയോഗിച്ച അപേക്ഷകളില്‍ ധനസഹായം കിട്ടിയവരെ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ അനധികൃതമായി ഒന്നും നടന്നതായി കണ്ടെത്തിയിട്ടില്ല. അതേസമയം കൂട്ടത്തോടെ ഒരു അക്ഷയ കേന്ദ്രത്തില്‍ നിന്ന് തന്നെ അപേക്ഷകള്‍ സമര്‍പ്പിച്ചതില്‍ എന്തെങ്കിലും കമ്മീഷന്‍ ഇടപാടുകളോ തിരിമറികളോ നടന്നിട്ടുണ്ടോ എന്നാണ് കണ്ടെത്തേണ്ടത്. ഏതെങ്കിലും ഇടനിലക്കാര്‍ ഉണ്ടോയെന്നും പരിശോധിക്കും. ഒരേ നന്പരുകളില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത അപേക്ഷകള്‍ കണ്ടിട്ടും പരിശോധിക്കാതിരുന്ന വില്ലേജ് ഓഫീസ് ജീവനക്കാരും അന്വേഷണത്തിന്റെ പരിധിയില്‍ വരും.