എസ്ഡിപിഐ- കോണ്‍ഗ്രസ് സഖ്യം അണിയറയില്‍ തുടരും എന്ന കാര്യത്തില്‍ സംശയമില്ല: പികെ കൃഷ്ണദാസ്

single-img
4 April 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കേരളത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ദേശീയതലത്തില്‍ തിരിച്ചടി ഭയന്ന് പിന്തുണ പ്രഖ്യാപിച്ച് മൂന്നുദിവസം കഴിഞ്ഞാണ് തള്ളിപ്പറഞ്ഞതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

അവർ പിന്തുണക്കുന്നതിനെ ന്യായീകരിച്ചു കൊണ്ടുള്ള പ്രതികരണമാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായത്. തൊട്ടുപിന്നാലെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് തീവ്രവാദസഖ്യം ചര്‍ച്ച ചെയ്യപ്പെട്ടു. തെക്കന്‍ കേരളത്തില്‍ തള്ളിപ്പറയുകയും വടക്കന്‍ കേരളത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

ഈ സഖ്യം പരസ്യമായി തള്ളിപ്പറഞ്ഞാലും അണിയറയില്‍ തുടരും എന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ എന്ന പോലെ കേരളത്തിലും തിരിച്ചടിയുണ്ടാവും. അതേപോലെ തന്നെ മുസ്ലിം ലീഗിന്റെ പതാക പിടിക്കുന്നത് അപമാനകരമാണോ എന്ന് വ്യക്തമാക്കണം. എല്‍ഡിഎഫും എസ്ഡിപിയുമായി ധാരണയുണ്ടാക്കി. അതിന് പിന്നാലെയാണ് സിഎഎ കേസുകള്‍ പിന്‍വലിച്ചത്.

വടക്കും തെക്കും വ്യത്യസ്തമായ തീരുമാനങ്ങളാണ് കോണ്‍ഗ്രസ് ഈ കാരത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. എസ്ഡിപിയില്‍ കൂടുതലുള്ളത് പിഎഫിന്റെ പ്രവര്‍ത്തകരാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.