റഷ്യ-യുക്രൈന്‍ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തില്‍ ചെന്നവസാനിക്കും;ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധത്തിന് ഉടന്‍ സമാധാനപരമായൊരു പരിസമാപ്തിയുണ്ടാകണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.
നെവാഡയില്‍ സംഘടിപ്പിച്ച സേവ് അമേരിക്ക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധങ്ങളെക്കുറിച്ചും അത് പ്രയോഗിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭൂമിയില്‍ ആരും അവശേഷിക്കില്ല മനുഷ്യര്‍ ഇതിന്‍റെ പ്രത്യാഘാതത്തെക്കുറിച്ച് അജ്ഞരാണ്.
‘യുക്രൈന്‍ യുദ്ധം സമാധാനപരമായ രീതിയില്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ് . അല്ലാത്തപക്ഷം ഇതൊരു മൂന്നാം ലോക മഹായുദ്ധത്തില്‍ ചെന്നവസാനിക്കും. തല്‍ഫലമായി ഭൂമിയില്‍ ആരും അവശേഷിക്കില്ല’ ട്രംപ് പറഞ്ഞു.
60 വര്‍ഷത്തിനിടെ ആദ്യമായി ആണവ യുദ്ധത്തിന്‍റെ അപകടസാധ്യതയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാമര്‍ശം. എന്നാല്‍, ആണവായുധങ്ങളുപയോഗിക്കുന്നതിനെ കുറിച്ചുള്ള ട്രംപിന്‍റെ പ്രസ്താവന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.