ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെടും: സിഐടിയു

single-img
9 September 2022

തിരുവനന്തപുരം നഗരസഭയിൽ ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികൾക്കെതിരായ നടപടി അന്തിമമല്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞുകൊണ്ട് സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ രം​ഗത്തെത്തിയിരുന്നു. ശുചീകരണ തൊഴിലാളികൾക്ക് മറ്റ് പ്രതിഷേധ രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടപടി പിൻവലിക്കുന്ന കാര്യത്തിൽ തൊഴിലാളി യൂണിയനുമായി ചർച്ച ചെയ്ത്‌ മേയർ തീരുമാനമെടുക്കുമെന്നും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഭരണസമിതിയല്ല നഗരസഭയ്ക്കുള്ളത്. മേയറുടെ നടപടിക്കെതിരായ സിഐടിയു പ്രതിഷേധം തെറ്റല്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. ഇത് വിവാദമായപ്പോൾ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു.