10 മാതൃകകളും തള്ളി ; ഇക്കുറി റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യമില്ല

single-img
1 January 2024

2024ലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല.വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രസർക്കാർ സമർപ്പിക്കൻ നിര്‍ദേശിച്ചിരുന്നത്. ഇതിലേക്ക് 10 മാതൃകകള്‍ കേരളം നല്‍കിയെങ്കിലും ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.

കേരളത്തിനൊപ്പം പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല. അതേസമയം റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാല്‍ ഈ കാര്യത്തിൽ കേരളം തീരുമാനമെടുത്തിട്ടില്ല. ഭാരത് പര്‍വില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി.