തെറ്റ് പറ്റിയോയെന്ന് നോക്കാനാണ് മാധ്യമ പ്രവർത്തകർ സിപിഎം പരിപാടിക്ക് വരുന്നത്; എന്നിട്ടത് പർവതീകരിച്ച് കാണിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
10 October 2023

പലസ്തീൻ ജനതയെയും അവരുടെ നാടിനെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും പക്ഷെ ഇപ്പോൾ ഏതെങ്കിലും പക്ഷം ചേരേണ്ട സമയമല്ല ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുരുതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. മനുഷ്യത്വ രഹിതമായ മനുഷ്യക്കുരുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ, മാധ്യമങ്ങൾ കുത്തക താല്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. തെറ്റ് പറ്റിയോയെന്ന് നോക്കാനാണ് മാധ്യമ പ്രവർത്തകർ സിപിഎം പരിപാടിക്ക് വരുന്നത്. എന്നിട്ടത് പർവതീകരിച്ച് കാണിക്കുകയാണ്. ആരോഗ്യ മന്ത്രിക്കെതിരെ നടത്തിയ കള്ള പ്രചാരണങ്ങളിൽ മാധ്യമങ്ങൾ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രയടിച്ചാൽ ഇസ്രായേലും ഒരു തീവ്രവാദ രാഷ്ട്രമാണ് എന്ന് അംഗീകരിക്കേണ്ടി വരുമെന്ന് സി.പി.ഐ.എം നേതാവ് എം.എ. ബേബി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ നരേന്ദ്ര മോദി എടുത്ത നിലപാട് അത്യന്തം ദൗർഭാഗ്യകരമാണ്. മഹാത്മാഗാന്ധിയും നെഹ്റുവും സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുമെല്ലാം പലസ്തീനെയാണ് അംഗീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.