ചാന്‍സലര്‍ ഓര്‍ഡിനന്‍സില്‍ നിയമ പോരാട്ടം; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

single-img
11 November 2022

തിരുവനന്തപുരം: ചാന്‍സലര്‍ ഓര്‍ഡിനന്‍സില്‍ നിയമ പോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഓര്‍ഡിനന്‍സ് ഇന്നു തന്നെ രാജ് ഭവന് അയക്കും. രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് അയച്ചാലും നിയമസഭയില്‍ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയക്കുമെന്നാണ് വിവരം. രണ്ട് ദിവസം മുന്‍പ് മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസ്സാക്കിയെങ്കിലും ഇത് ഇന്നലെ രാത്രി വരെ ഗവര്‍ണര്‍ക്ക് അയച്ചിരുന്നില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ന്നത് കൊണ്ടായിരുന്നു ഇത് അയക്കാതിരുന്നത് എന്നാണ് വിവരം. എങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല. കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സ്ലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റി ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് ഇതിന്റെ തെളിവാണ്.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപടികള്‍ ഈ യോഗം ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും സംസ്ഥാന സെക്രട്ടേറിയറ്റിന്‍്റെ പരിഗണനയ്ക്ക് വന്നേക്കും. നവംബര്‍ പതിനഞ്ചാം തീയതിയിലെ രാജ്ഭവന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.