ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റ് പതുക്കെ മരിക്കുകയാണോ; ആശങ്ക പങ്കുവെച്ച് സ്റ്റീവ് വോ

single-img
1 January 2024

ക്രിക്കറ്റിന്റെ ക്ലാസിക് രൂപമായ ടെസ്റ്റ് ഫോര്‍മാറ്റ് പതുക്കെ മരണത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക പങ്കുവെച്ച് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സ്റ്റീവ് വോ. പുതിയ ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ന്യൂസിലന്‍ഡിലേക്ക് പുതിയ ടീമിനെ തിരഞ്ഞെടുത്തത്ത സാഹചര്യത്തിലാണ് വോയുടെ ഈ പ്രതികരണം. ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്ത ടീമില്‍ സ്റ്റീവ് വോ അമ്പരപ്പ് പ്രകടിപ്പിച്ചു. ക്യാപ്റ്റന്‍ നീല്‍ ബ്രാന്‍ഡുള്‍പ്പെടെ 7 അണ്‍ക്യാപ്പ്ഡ് താരങ്ങള്‍ അടങ്ങുന്ന 14 അംഗ സ്‌ക്വാഡിനെയാണ് രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കായി പ്രോട്ടീസ് ന്യൂസിലന്‍ഡിലേക്ക് അയക്കുന്നത്.

അന്താരാഷ്ട്ര ഐസിസിയോ മറ്റാരെങ്കിലുമോ ഉടന്‍ ആവശ്യമായ നീക്കം നടത്തിയില്ലെങ്കില്‍, ടെസ്റ്റ് ക്രിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റായി കാണാനുണ്ടാവില്ല. കാരണം നിങ്ങള്‍ മികച്ച കളിക്കാര്‍ക്കെതിരെ സ്വയം പരീക്ഷിക്കുന്നില്ല. കളിക്കാര്‍ ടെസ്റ്റ് കളിക്കാന്‍ വരാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അവര്‍ക്ക് ശരിയായി ശമ്പളം ലഭിക്കുന്നില്ല. ഐസിസിയോ വന്‍തോതില്‍ പണം സമ്പാദിക്കുന്ന മുന്‍നിര രാജ്യങ്ങളോ ടെസ്റ്റ് മത്സരങ്ങള്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കണം . അങ്ങിനെ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആവശ്യമായ ശമ്പളം ഇല്ലാത്തതിനാല്‍ കളിക്കാര്‍ ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ സ്വയം പ്രേരിതരാവുകയാണ്- വോ പറയുന്നു.