വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ പിഴ 10000 രൂപ; ഇപ്പോൾ നടക്കുന്ന പരിശോധന തുടരും; മന്ത്രി ആന്റണി രാജു

single-img
10 October 2022

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോന് ഗുരുതര വീഴ്ചയുണ്ടായതായി ഗതാഗതമന്ത്രി ആന്റണി രാജു. ബസിന്റെ സ്പീഡ് ഗവേർണർ എടുത്തുമാറ്റിയിരുന്നു എന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.

അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കാനും ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.

വടക്കഞ്ചേരി അപകടത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി നിലവിൽ നടക്കുന്ന പരിശോധന തുടരും. കേരളത്തിലുള്ള 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും

അതേപോലെ തന്നെ .ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്‌സുകളും നടത്തും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്‌സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും. ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.

വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും 5000ൽ നിന്ന് 10000 രൂപയാക്കി ഈടാക്കും. സ്ഥലം തിരിച്ചറിയാനുള്ള ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. നവംബർ ഒന്ന് മുതൽ മറ്റ് സംസ്ഥാന രജിസ്‌ട്രേഷൻ വാഹനങ്ങളും കേരളത്തിൽ നികതിയടക്കണം. ഇതോടൊപ്പം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധന നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.