കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ സ്ഥാനത്ത് നിന്ന് രാജിവെച്ച് ഡോ ബിജു

single-img
12 December 2023

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ സ്ഥാനത്തുനിന്നും പ്രശസ്ത സംവിധായകൻ ഡോ. ബിജു രാജിവെച്ചു. സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് രാജി . ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങൾ കാണാൻ ആളില്ലെന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ഇതിനെതിരെ ബിജു രംഗത്തെത്തിയിരുന്നു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകൻ ശ്രീ രഞ്ജിത്തിന് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ബിജു ഇതിനോട് ഫേസ്ബുക്കിൽ പ്രതികരിച്ചത്.

രഞ്ജിത്ത് പറഞ്ഞത് ഇങ്ങിനെ : ‘ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്തു. അതിനാവട്ടെ തിയേറ്ററിൽ ആളുകൾ കയറിയില്ല. അതേ സമയം മറ്റൊരു സംവിധായകന്റെ സിനിമ തിയേറ്ററിൽ വന്നു. അതിന് നല്ല ആൾ ത്തിരക്ക് ആയിരുന്നു. ആ സിനിമയ്ക്ക് തിയേറ്ററിൽ ആൾ വന്നു. ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു.

ഇനി അടുത്ത സംസ്ഥാന അവാർഡിൽ ചിലപ്പോൾ ആ സിനിമയ്ക്ക് അവാർഡുകളും കിട്ടും. അപ്പോൾ തിയേറ്ററിൽ ആൾ വരികയും അവാർഡുകൾ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു. ഇവിടെയാണ് ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടത്. തിയേറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടർ ബിജുവിനെല്ലാം എന്ത് റെലവൻസ് ആണുള്ളത്’.