സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

single-img
8 August 2023

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു. നേരത്തെ സിദ്ദിഖ് മരിച്ചു എന്ന രീതിയിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. ഇന്ന് രാത്രി 9 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 63 വയസ്സായിരുന്നു.നാളെ രാവിലെ 9 മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനമുണ്ടാകും.

എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന സിനിമ സംവിധാനം ചെയ്താണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. അതിനും മുൻപ് 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയുടെ തിരക്കഥ സിദ്ദിഖ് എഴുതിയിരുന്നു.

1987ല്‍ നാടോടിക്കാറ്റ് എന്ന സിനിമയുടെ കഥയെഴുതി.സം‌വിധായകൻ ഫാസിലിന്‍റെ സഹായിയായാണ് സിദ്ദിഖ് സം‌വിധാന ജീവിതം തുടങ്ങിയത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടിയതും തന്റെ കൂടെ കൂട്ടിയതും.റാംജിറാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളൊക്കെയും വന്‍ ഹിറ്റായിരുന്നു. ഈ സിനിമകളുടെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേര്‍ന്നായിരുന്നു.