ബിജെപി ശരിയായ കൂടിയാലോചനയിലൂടെപുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും: കെ സുരേന്ദ്രൻ

single-img
8 August 2023

പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി ആരെന്നതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ വരുന്ന 12-ാം തീയതി പാർട്ടിയുടെ കോർ ഗ്രൂപ്പിന്റെയും സംസ്ഥാന ഭാരവാഹികളുടെയും എൻഡിഎയുടെയും യോഗം നടക്കും. അതിനുശേഷമേ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ചിത്രം നൽകാൻ സാധിക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

ആരാണ് മത്സരിക്കേണ്ടതെന്ന ആലോചനകൾ നടന്നുവരികയാണ്. ഇതിനോടകം പല പേരുകളും ഉയർന്നു വരുന്നുണ്ട്. പാർട്ടി കേന്ദ്ര നേതൃത്വത്തോട് കൂടി ആലോചിച്ചായിരിക്കും സ്ഥാനാർത്ഥിയെ തീരുമാനിക്കുകയെന്ന് സുരേന്ദ്രരൻ പറഞ്ഞു. ഇത് രാഷ്ട്രീയ മത്സരമാണ്, കോൺഗ്രസ് വെപ്രാളം കാണിക്കേണ്ട ആവശ്യമില്ല. ബിജെപിയെ സംബന്ധിച്ച് ശരിയായ കൂടിയ ആലോചനകൾക്ക് ശേഷം മാത്രമേ സ്ഥാനാർത്ഥിയെ നിർണയിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേ‍ർത്തു.

ഇതോടൊപ്പം തന്നെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് വാഴ്ത്തി പാടുന്ന പല നേതാക്കളും അവസാനകാലത്ത് ഉമ്മൻചാണ്ടിയെ എത്ര മോശമായാണ് നേരിട്ടതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശബരിമല വിഷയം പോലെ ഗണപതി വിഷയം ആളിക്കത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. അത് മാധ്യമങ്ങളുടെ ദുഷ്പ്രചരണമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

മന്ത്രി സജി ചെറിയാൻ നിരുപദ്രവകരമായ പ്രസ്താവനയാണ് ഇറക്കിയിരുന്നത്. അദ്ദേഹം എന്തിന് അത് പിൻവലിച്ചു അതിൽ ഈശ്വര നിന്ദയോ മതത്തെ അവഹേളിക്കുന്ന പ്രസ്താവനയോ ഉണ്ടായിരുന്നില്ല. പേടിച്ചിട്ടാണ് അദ്ദേഹം ആ പ്രസ്താവന പിൻവലിച്ചത്. എന്നാൽ, ഗണപതിയെ അവഹേളിച്ചത്തിൽ മാപ്പ് പറയാൻ ഇവർ തയ്യാറാകുന്നില്ലെന്നും അത് ഇരട്ട നീതി അല്ലേയെന്നും അതുകൊണ്ടുള്ള അമർഷം മാത്രമാണ് ബിജെപിക്ക് ഉള്ളതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.