ഗ്യാൻവാപി; രാഷ്ട്രപതിയെ സമീപിക്കാനും സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്താനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ്

single-img
2 February 2024

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് രാഷ്ട്രപതിയെ അടക്കം സമീപിക്കാനും സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്താനും തീരുമാനം. അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡാണ് സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്ന് വ്യക്തമാക്കിയത്.

രാഷ്ട്രപതിയെയും ചീഫ് ജസ്റ്റിസിനെയും നേരിട്ട് കണ്ട് ആശങ്ക അറിയിക്കുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. രാഷ്ട്രപതിയെ കാണുവാൻ സമയം തേടിയെന്നും അവർ അറിയിച്ചു.
ഇതോടൊപ്പം പൂജക്ക് അനുമതി നൽകിയ വാരണാസി ജില്ലാ കോടതി വിധിയിൽ ആശങ്കയുണ്ടെന്നും, ഇവിടെ ഹിന്ദുക്കൾക്ക് ആരാധന അനുവാദം നൽകിയ കോടതി നടപടി തെറ്റായ സന്ദേശം നൽകുന്നതാണെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അഭിപ്രായപ്പെട്ടു.

കോടതി 7 ദിവസം സമയം നൽകി. ജില്ലാഭരണകൂടം ഉടൻ തന്നെ പൂജക്കുള്ള നടപടി സ്വീകരിച്ചു. ഇത് ശരിയായില്ലെന്നും മുസ്ലിങ്ങൾ നീതിക്കായി എവിടെ പോകണമെന്നും മുസ്ലീം വ്യക്തി നിയമ ബോർഡ് ചോദിച്ചു. മുസ്ലിം വിഭാഗത്തിലെ ജനങ്ങൾ പ്രതിസന്ധിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ഇന്ന് ഉച്ചയോടെയാണ് ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജില്ലാ ഭരണകൂടം ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്നതടക്കമുള്ള മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല.