മദ്ധ്യപ്രദേശില്‍ വെള്ളച്ചാട്ടത്തിലേക്ക് വീണ കാറില്‍ നിന്ന് ഒരു കുടുംബത്തിലെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു

single-img
8 August 2023

ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ വെള്ളച്ചാട്ടത്തിലേക്ക് വീണ കാറില്‍ നിന്ന് ഒരു കുടുംബത്തിലെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടടുത്തുണ്ടായിരുന്ന വിനോദ യാത്രാ സംഘത്തിലെ യുവാക്കള്‍ ഒട്ടും സമയം പാഴാക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ജലാശയത്തിലേക്ക് ചാടി കാറിനുള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു. കാര്‍ വെള്ളത്തിലേക്ക് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ സിമ്രോളിന് സമീപം ലോദിയകുണ്ടിലായിരുന്നു അപകടം. 13 വയസുകാരിയായ മകള്‍ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തിയ ദമ്പതികളാണ് അപകടത്തില്‍പെട്ടത്. ചുവപ്പ് നിറത്തിലുള്ള കാര്‍ അല്‍പം ഉയരത്തില്‍ നിന്ന് ആദ്യം ഒരു പാറയിലേക്കും അവിടെ നിന്ന് തലകീഴായി വെള്ളത്തിലേക്കും വീഴുന്നത് വീഡിയോയില്‍ കാണാം. വാഹനത്തിന്റെ ഉടമ വാഹനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് ഫലം കാണാതെയാണ് കാര്‍ താഴേക്ക് പതിച്ചത്. പരിസരത്തുണ്ടായിരുന്നവര്‍ അലമുറയിടുന്നതും നീന്തല്‍ അറിയുന്നവര്‍ ആരുമില്ലേയെന്ന് വിളിച്ചുചോദിക്കുന്നതും വീഡിയോയിലുണ്ട്.

അലക്ഷ്യമായി പാര്‍ക്ക് ചെയ്തതോ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പിന്നിലേക്ക് എടുത്തതോ ആകാം അപകട കാരണമെന്നാണ് അനുമാനം. കാര്‍ അല്‍പനേരം വെള്ളത്തില്‍ പൊങ്ങിക്കിടന്ന ശേഷം മുങ്ങിത്താഴാന്‍ തുടങ്ങുമ്പോഴേക്കും പരിസരത്തുണ്ടായിരുന്ന യുവാക്കള്‍ ചാടിയിറങ്ങി രക്ഷാപ്രവര്‍ത്തനം തുടങ്ങി. കാറിനുള്ളില്‍ ഉണ്ടായിരുന്ന 13 വയസുകാരിയായ കുട്ടി ഉള്‍പ്പെടെ എല്ലാവരെയും രക്ഷപ്പെടുത്തി. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ചികിത്സയിലാണ്. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.