ഗുജറാത്തില്‍ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രമുഖര്‍ക്കൊപ്പം പങ്കെടുക്കാന്‍ 200 സന്ന്യാസിമാരും

single-img
12 December 2022

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രമുഖര്‍ക്കൊപ്പം പങ്കെടുക്കാന്‍ 200 സന്ന്യാസിമാരും.

ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്ന്യാസിമാര്‍ക്കും ഇരിപ്പിടമൊരുക്കും. എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള അംഗങ്ങളും സദസ്സിലുണ്ടാകുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലും 25 ഓളം കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 182 സീറ്റുകളില്‍ 156 എണ്ണവും 53 ശതമാനം വോട്ടുവിഹിതവും നേടിയാണ് തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേറിയത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സഖ്യകക്ഷികളും പങ്കെടുക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വ ശര്‍മ, ഹരിയാനയുടെ മനോഹര്‍ ലാല്‍ ഖട്ടര്‍, മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡിലെ പുഷ്‌കര്‍ സിങ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരാണ് പട്ടികയിലുള്ളത്.

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, മുതിര്‍ന്ന നേതാവ് ബിഎല്‍ സന്തോഷ്, ഗുജറാത്തില്‍ പ്രചാരണത്തിനെത്തിയ എംപിമാര്‍ എന്നിവരും പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ഗാന്ധിനഗറിലെ ഹെലിപാഡില്‍ മൂന്ന് വലിയ സ്റ്റേജുകള്‍ തയ്യാറാക്കി. പ്രധാന വേദിയുടെ വലതുവശത്തുള്ള പ്ലാറ്റ്‌ഫോമില്‍ പ്രധാനമന്ത്രിക്കും വിവിഐപികള്‍ക്കും സൗകര്യമൊരുക്കും.

പരമ്ബരാഗതമായി കോണ്‍ഗ്രസിന്റെ കോട്ടയായ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി വലിയ മുന്നേറ്റം നടത്തി. കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകള്‍ മാത്രമാണ് നേടിയത്. കാടിളക്കി പ്രചാരണം നടത്തിയ എഎപി അഞ്ച് സീറ്റിലൊതുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ, പാട്ടിദാര്‍ നേതാവ് അല്‍പേഷ് കത്തിരിയ, മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദന്‍ ഗധ്വി എന്നിവരെല്ലാം പരാജയപ്പെട്ടു.