കേരള സ്റ്റാർട്ടപ്പ് മിഷന് അന്താരാഷ്‌ട്ര പുരസ്കാരം; കേരളം കൈവരിച്ച പുരോഗതിയ്ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

single-img
12 May 2023

ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ബിസിനസ് ഇൻക്യുബേറ്ററ്യുകളുടേയും ആക്സിലറേറ്ററുകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.സി ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിലാണ് സ്റ്റാർട്ടപ്പ് മിഷൻ ഈ നേട്ടം കൈവരിച്ചത്.

ഈ മാസം 16-ന് ബെൽജിയത്തിലെ ഗെന്റിൽ നടക്കാനിരിക്കുന്ന ലോക ഇൻകുബേഷൻ ഉച്ചകോടി-2023ൽ ഈ പുരസ്കാരം സമ്മാനിക്കും. വ്യാവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം കൈവരിച്ച പുരോഗതിയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഭാവിയിലെ ജ്ഞാനസമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള നമ്മുടെ ചുവടുവയ്പ്പുകൾക്ക് ഇതു കൂടുതൽ ഊർജ്ജം പകരും. അഭിമാനത്തോടേയും കൂടുതൽ കരുത്തോടെയും ഐക്യത്തോടേയും നമുക്കു മുന്നോട്ടു പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.