ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ ബ്ലൂ ടിക്കിന് പണം നല്‍കണം; പ്രതിമാസ നിരക്ക് പ്രഖ്യാപിച്ചു ട്വിറ്റർ

single-img
11 November 2022

മുംബൈ: സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു.

പ്രതിമാസം എട്ട് ഡോളര്‍ എന്ന നിരക്കില്‍ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ ബ്ലൂ ടിക്കിന് പണം നല്‍കണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. എട്ട് ഡോളര്‍ അഥവാ 646.03 രൂപയ്ക്കാണ് മറ്റ് രാജ്യങ്ങളില്‍ പണം നല്‍കേണ്ടത് എങ്കില്‍ ഇന്ത്യയില്‍ 719 രൂപ നല്‍കണം. അതായത് ഏകദേശം 8.9 ഡോളറിന് തുല്യമാണ് ഇത്.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്, ബ്ലൂ ടിക്ക് ബാഡ്ജ് വേണമെങ്കില്‍ പണം നല്‍കണമെന്നുള്ള ട്വിറ്ററിന്റെ സന്ദേശം ലഭിച്ചു കഴിഞ്ഞു. യുഎസുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയില്‍ വില കൂടുതലാണ്. 8 ഡോളറിന് പകരം 8.9 ഡോളര്‍ നല്‍കേണ്ടി വരുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷന്‍ നേടി കഴിഞ്ഞാല്‍ വെരിഫിക്കേഷന്‍ ഇല്ലാതെ തന്നെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ബ്ലൂ ടിക്ക് ബാഡ്ജ് ലഭിക്കും. ബ്ലൂ ടിക്ക് ഉടമകള്‍ക്ക് പല മുന്‍ഗണകളും ഇനി മുതല്‍ ട്വിറ്റര്‍ നല്‍കും. അതായത് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുള്ള അവസരവും പരസ്യങ്ങള്‍ ഇല്ലാതെ വായനയും ട്വിറ്റര്‍ നല്‍കും.

ട്വിറ്റര്‍ അതിന്‍റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതായി ആഴ്ചകള്‍ക്ക് മുന്‍പാണ് ഇലോണ്‍ മസ്‌ക് അറിയിച്ചത്. ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷന്‍ സേവനം ഒരു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ തടയുക എന്നത് ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും ബ്ലൂ ടിക്കിന് പണം ഈടാക്കിയ നടപടി വരുമാനം മുന്നില്‍ കണ്ടിട്ട് തന്നെയാണ്. കാരണം 44 ബില്യണ്‍ ഡോളറിനാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. അതിനാല്‍ ട്വിറ്ററില്‍ മുടക്കിയ തുക ട്വിറ്ററിലൂടെ തന്നെ തിരിച്ചു പിടിക്കാന്‍ മസ്‌ക് ശ്രമിക്കും. ട്വിറ്ററിന്റെ വരുമാനത്തിലെ ഭൂരിഭാഗവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ നേടാനാണ് ഇലോണ്‍ മാസ്കിന്റെ പദ്ധതി.

ട്വിറ്ററില്‍ വളരെയധികം അഴിമതിയും വ്യാജ അക്കൗണ്ടുകളും പെരുകുന്നുണ്ടെന്നും വരും മാസങ്ങളില്‍ അവ നീക്കം ചെയ്യുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.