നഗരസഭയിലെ കത്ത് വിവാദം; സിപിഎം അടിയന്തര ജില്ലാ കമ്മിറ്റി യോഗം ചേരും

single-img
11 November 2022

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിനിടെ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ അടിയന്തരയോഗം നടക്കും. പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും കത്ത് വിവാദം നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.

സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് പുറമെ പാര്‍ട്ടി തലത്തിലും അന്വേഷണം ഉണ്ടാകാനാണ് സാധ്യത.

ശിശുക്ഷേമസമിതിയിലെ ദത്ത് വിവാദത്തിന് ശേഷം പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നണിക്കും ഏറ്റവും നാണക്കേടായ വിഷയം എന്ന നിലയിലാണ് കത്ത് വിവാദത്തെ സിപിഎം കാണുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് അടിയന്തര യോഗം വിളിക്കുന്നത്. അന്നും ജില്ലാനേതൃത്വത്തിനെതിരെ ശക്തമായ പരാതിയുണ്ടായപ്പോള്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്ന നിലപാടാണ് ആനാവൂര്‍ നാഗപ്പനും ജില്ലാ നേതൃത്വവും സ്വീകരിച്ചത്. ഈ വിഷയത്തിലും ജില്ലാനേതൃത്വം ഇരുട്ടില്‍ നില്‍ക്കുകയാണ്.

കഴിഞ്ഞ 9 മാസമായി ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കാനാകാതെ വിഭാഗീയതയില്‍ മുങ്ങിനില്‍ക്കുന്ന ജില്ലാ ഘടകത്തിലെ പ്രശ്നങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ വിവാദത്തിലുമെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു. അതിനാല്‍ തന്നെ കടുത്ത നടപടികളുണ്ടാകാനാണ് സാധ്യത. മേയറുടെ കത്ത് പുറത്ത് വന്നത് ഡിആര്‍ അനിലില്‍ നിന്നാണെന്ന് മനസിലാക്കിയ എതിര്‍ പക്ഷം, കത്ത് വിവാദം വന്ന് അരമണിക്കൂറിനുള്ളില്‍ ഡിആര്‍ അനില്‍ പാര്‍ട്ടിക്ക് കൊടുത്ത കത്ത് പുറത്ത് വിട്ടിരുന്നു.

ജില്ലാ സമ്മേളനത്തിന് ഒപ്പം എകെജി സെന്‍ററില്‍ സംസ്ഥാന നേതൃയോഗം നടക്കുന്ന സമയമാണ്. പുതിയ ജില്ലാ സെക്രട്ടറി ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് മനസിലാക്കിയാണ് കത്തുകള്‍ പുറത്ത് വന്നതെന്ന സംശയവും സംസ്ഥാന നേതൃത്വത്തിനുണ്ട്. ആര്യാ രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ നഗരസഭാ ഭരണം മെച്ചപ്പെടുന്നില്ലെന്ന് നിരവധി പരാതികള്‍ കിട്ടിയിരുന്നു. ആനാവൂര്‍ നാഗപ്പനും ജില്ലാ നേതൃത്വവും തിരുത്തല്‍ നടപടികല്‍ എടുക്കാത്തതിലും ഒരു വിഭാഗം നേതാക്കള്‍ അതൃപ്തിയിലാണ്. ആനാവൂര്‍ നാഗപ്പന്റെ വലംകൈയ്യായി നില്‍ക്കുന്ന ഡിആര്‍ അനിലും, ജില്ലാ സെക്രട്ടറിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മേയറും വിവാദത്തില്‍ പെട്ടത് ഈ വിഭാഗത്തെ സന്തോഷിപ്പിക്കുന്നു.