വിവാഹത്തിന് ദളിതനായ വരൻ കുതിരപ്പുറത്തെത്തി; കല്ലെറിഞ്ഞ് സവര്‍ണര്‍

single-img
6 June 2023

മധ്യപ്രദേശിൽ വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്. സംസ്ഥാനത്തെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. ദളിതനായ വരൻ കുതിരപ്പുറത്ത് കയറാൻ പാടില്ലെന്ന് ആക്ഷേപിച്ചായിരുന്നു ജനക്കൂട്ടം കല്ലെറിഞ്ഞത്.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തടയാൻ ശ്രമിച്ചിട്ടും കല്ലേറ് തുടർന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. 50 പേർക്കെതിരെ പൊലീസ് കേസെടുത്തായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബക്‌സ്‌വാഹ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ചൗരായ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹ ഘോഷയാത്ര സാഗർ ജില്ലയിലെ ഷാഗർഹിലുള്ള വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം ഗ്രാമവാസികൾ ഘോഷയാത്ര തടഞ്ഞു.

ദളിതനായ വരൻ കുതിരപ്പുറത്ത് കയറിയതാണ് ഗ്രാമവാസികളെ ചൊടിപ്പിച്ചത്. ഇവർ വരനോട് കുതിരപ്പുറത്ത് നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ വരൻ ഇറങ്ങാൻ വിസമ്മതിച്ചതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. ഇതിനെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം വിവാഹ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയാൻ തുടങ്ങി.

എസ്പിയുടെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയെങ്കിലും കല്ലേറ് തുടർന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയ ശേഷമാണ് ഘോഷയാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയത്.