നഴ്സിംഗ് കൗണ്‍സിലില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിയമന വിവാദത്തില്‍ ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു

single-img
12 December 2022

തിരുവനന്തപുരം : നഴ്സിംഗ് കൗണ്‍സിലില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിയമന വിവാദത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ വാദം പൊളിയുന്നു.

നഴ്സിംഗ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത രണ്ട് പേരില്‍ നിന്ന് യോഗ്യത അനുസരിച്ചാണ് ഒരാളെ തെരഞ്ഞെടുത്തത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഒറ്റപ്പേര് മാത്രമാണ് ശുപാര്‍ശയിലുണ്ടായിരുന്നതെന്നാണ് നഴ്സിംഗ് കൗണ്‍സില്‍ യോഗത്തിന്‍റെ മിനിറ്റ്സ് വ്യക്തമാക്കുന്നത്

15 വര്‍ഷം അധ്യാപന പരിചയവും മതിയായ യോഗ്യതയുമുള്ള ആളെ തള്ളി വെറും രണ്ട് വര്‍ഷവും പത്ത് മാസവും മാത്രം സേവന കാലാവധിയുള്ള ആളെ നേഴ്സിംഗ് കൗണ്‍സില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ച ആരോഗ്യവകുപ്പിന്‍റെ നടപടിയാണ് വിവാദത്തിലായത്. ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിലേക്ക് നഴ്സിംഗ് സ്കൂളിലെ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ 8 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം വേണമെന്നാണ് വ്യവസ്ഥ. ഇത് നിലനില്‍ക്കെ അപേക്ഷ ക്ഷണിക്കുമ്ബോള്‍ പ്രൊബേഷന്‍ പോലും പൂര്‍ത്തിയാകാത്ത മലപ്പുറം നേഴ്സിംഗ് കോളേജിലെ ആശ പി നായര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്നായിരുന്നു ആക്ഷേപം

എന്നാല്‍ യോഗ്യത കണക്കാക്കി ഒരു പേര് മാത്രമെ ശുപാര്‍ശ ചെയ്തിട്ടുള്ളു എന്ന് സെപ്തംബര്‍ 14 ലെ നേഴ്സിംഗ് കൗണ്‍സില്‍ യോഗത്തിന്‍റെ മിനിറ്റ്സില്‍ വ്യക്തമാണ്. അനധികൃത നിയമനം നേടിയെന്ന് ആക്ഷേപം നേരിടുന്ന മലപ്പുറം നേഴ്സിംഗ് കോളേജിലെ ആശ പി നായരുടെ പേര് ശുപാര്‍ശയില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ എന്‍ജിഒ യൂണിയന്‍ നേതാവ് കൂടിയായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തുടക്കം മുതല്‍ നേരിട്ട് ഇടപെട്ടെന്നാണ് വിവരം. ഇതനുസരിച്ചാണ് തുടര്‍നടപടിക്ക് സമര്‍പ്പിക്കുന്നു എന്ന വിശദീകരണത്തോടെ ഓഗസ്റ്റ് 12 ലെ ശുപാര്‍ശയില്‍ ആശ പി നായരുടെ പേര് ഉള്‍പ്പെടുത്തിയതും.

മതിയായ യോഗ്യത ഉണ്ടായിട്ടും ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയില്‍ നിയമനം കിട്ടിയില്ലെന്നും പകരം നടന്ന അനധികൃത നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ നഴ്സിംഗ് കോളേജിലെ ബിനു സദാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അനധികൃത നിയമനം വിവാദമായതോടെ 13 ന് ചേരുന്ന നേഴ്സിംഗ് കൗണ്‍സിലും സംഭവം വിശദമായി വിലയിരുത്തും