പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി


രാജ്യത്തിന് ദേശീയ മൃഗങ്ങളെ പ്രഖ്യാപിക്കലാണോ കോടതിയുടെ ജോലിയെന്ന് സുപ്രീം കോടതി. പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം.
ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.കെ കൗള്‍, എസ് അഭയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പിഴ കോടതി ഈടാക്കുമെന്ന് ഉറപ്പുള്ള ഇതുപോലെയുള്ള ഹര്‍ജികള്‍ എന്തിനാണ് ഫയല്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി ഹര്‍ജി പിന്‍വലിക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും നല്‍കി.
എന്ത് തരത്തിലുള്ള മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്നും കോടതി ഇതോടൊപ്പം ചോദിച്ചു. പിൻവലിച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. ഗോവന്‍ഷ് സേവ സദന്‍ എന്ന് പേരുള്ള എന്‍ജിഒയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.