ശബരിമലയിൽ തിരക്ക് സ്വഭാവികം; കൂടുതൽ സംവിധാനമൊരുക്കും: മുഖ്യമന്ത്രി

single-img
12 December 2023

ശബരിമല ക്ഷേത്രത്തിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമാണെന്നും ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും കൂടുതൽ ഏകോപതമായ സംവിധാനമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിനെ അപകീർത്തിപ്പെടുത്താൻ എം പിമാർ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് പാർലമെന്റിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ശബരിമല വിഷയത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്ന് പറഞ്ഞാണ് പ്രതിഷേധം. സംസ്‌ഥാന സർക്കാർ എന്തോ കുഴപ്പം കാണിച്ചുവെന്നാണ് പറയുന്നത്. ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. നേതൃത്വം കൊടുത്തത് മുൻപത്തെ പ്രതിപക്ഷ നേതാവ് ആണ്.

കോൺഗ്രസ് ഇതിൽ പ്രത്യേക അജണ്ട ആയിട്ടാണ് വന്നിരിക്കുന്നത്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിക്കാൻ അവർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. തീർത്ഥടന കാര്യങ്ങളിൽ രാഷ്ട്രീയം കടന്നു വരുന്നത് ശരിയല്ല. അടിസ്‌ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുക. ഞങ്ങളെ കൈകാര്യം ചെയ്യാൻ തീർത്ഥടന കാലം ഉപയോഗിക്കരുത്. സർക്കാരിന്റെ ഭാഗത്ത്‌ നിന്നു ആലോചനയും മുന്നൊരുക്കവും ഉണ്ടായില്ല എന്ന പ്രചരണം തെറ്റ്. യോഗങ്ങൾ മുൻകൂട്ടി തന്നെ നടത്താറുണ്ട്. ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗം നടത്തി. ശബരിമല ഒരുക്കം മാസങ്ങൾക്ക് മുൻപേ തുടങ്ങുന്നതാണ്. അത് ആ രീതിയിൽ നടന്നിട്ടുണ്ട്. വിവിധ മന്ത്രിമാർ പ്രത്യക യോഗങ്ങളും നടത്തി. സൂക്ഷ്മമായ വിലയിരുത്തലും നടപടിയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് യു ഡി എഫ് മറച്ചു വക്കുന്നു.

ഹൈക്കോടതി നിർദേശം പാലിച്ചാണ് നടത്തുന്നത്. എന്നാൽ യഥാർഥ്യം ഇതായിരിക്കെ ഇതിനെതിരായ വലിയ പ്രചാരണങ്ങൾ നടക്കുന്നു. സന്നിധാനത്ത് 1005ഉം പമ്പയിൽ 400ഉം ശുചിമുറികൾ കൂടുതലായി ക്രമീകരിച്ചിട്ടുണ്ട്. നിലക്കലും ശുചിമുറികൾ ക്രമീകരിച്ചിട്ടുണ്ട്. എതിർ പ്രചരണങ്ങൾ തീർത്ഥാടകരെ ഒരു വിധത്തിലും ബാധിക്കുന്നില്ല. എല്ലാ വകുപ്പുകളും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 16118 പോലീസുകാരെ നിയോഗിച്ചിട്ടും പൊലീസ് ഇല്ല എന്ന് പ്രചരിപ്പിക്കുന്നു. 30 വെള്ളി കാശിനു വേണ്ടി പ്രസ്ഥാനത്തെ ഒറ്റു കൊടുത്ത ആളെ ദേവസ്വം ബോർഡ് ഭരിക്കാൻ അനുവദിക്കില്ല എന്നാണ് കോൺഗ്രസ് മുദ്രാവാക്യം.

ദേവസ്വം ബോർഡ് പ്രസിഡൻറിന് എതിരായ ആരോപണം രാഷ്ട്രീയ വിരോധം കൊണ്ടുണ്ടായ അസഹിഷ്ണുതയാണ്. നല്ല രീതിയിൽ ആണ് കുട്ടികൾക്കും സ്ത്രീകൾക്കും ക്യൂ ഒരുക്കിയിരിക്കുന്നത്. അത് ഒരു പരാതിയും ഇല്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും തിരക്ക് സ്വാഭാവികമാണെന്നും ഒരു ആശങ്കയും തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതില്ലെന്നും എല്ലാ തീർത്ഥടകർക്കും സുഖകരമായ ദർശനം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.