ശബരിമല ദുരന്തക്കളമാക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നു: രാഹുൽ മാങ്കൂട്ടത്തിൽ


ശബരിമലയെ ഒരു ദുരന്തക്കളമാക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയൻ സർക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണ്. ഉൾക്കൊള്ളാൻ പറ്റുന്നതിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി നൽകി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ 650 പൊലീസുകാരെ നിയോഗിച്ചപ്പോൾ പിണറായി വിജയന് സംരക്ഷണം നൽകാൻ 2500 പൊലീസുകാർ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ക്ഷേത്രത്തിലെത്തുന്ന ഭക്തരെ നിയന്ത്രിയ്ക്കാൻ 650 പൊലീസുകാരെയും കാരണഭൂതന്റെ വിഗ്രഹം സംരക്ഷിയ്ക്കാൻ 2500 പൊലീസുകാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. അനുഭവ പരിചയമില്ലാത്ത കോഴിക്കോട് ഡിസിപിയെ ശബരിമലയുടെ സുരക്ഷാ അചുമതല ഏൽപ്പിച്ചത് പാളിച്ചയാണെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. പിണറായി വിജയൻ സർക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണെന്നും മനുഷ്യ ദുരന്തം ശബരിമലയിലുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക യാത്ര നവകേരള സദസ്സിനെ വിമർശിച്ച രാഹുൽ മോണിങ് ഷോകളിൽ മന്ത്രിമാരുടെ പ്രഭാത നടത്തം ഒഴിച്ചു നിർത്തിയാൽ നവകേരള സദസ്സിൽ ഒന്നുമില്ലെന്ന ആക്ഷേപം ഉന്നയിച്ചു. മന്ത്രിമാരുടെ കൊളസ്ട്രോൾ കുറയ്ക്കാനാണോ ഈ യാത്രയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.