സ്‌കൂള്‍ സമയമാറ്റം ഇല്ല, നിലവിലെ രീതി തുടരും;വിദ്യാഭ്യാസ മന്ത്രി

single-img
12 December 2022

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്‌സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്‌സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ ജെന്‍ഡര്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ പോകുന്നു എന്ന് ആരോപിച്ച്‌ ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും പ്രതിഷേധിച്ചിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നു എന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ സഭയില്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും ജെന്‍ഡര്‍ യൂണിഫോം ഇവിടെ നിന്ന് നിര്‍ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞത്. യൂണിഫോമിന്റെ കാര്യത്തില്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിദ്യാര്‍ഥികളല്ലേ യൂണിഫോം ധരിക്കുന്നത്. നാട്ടിലുള്ളവര്‍ തീരുമാനിക്കേണ്ട കാര്യമാണിത്. ഇത് ഇവിടെ നിന്ന് ഉത്തരവിലൂടെ തീരുമാനിക്കേണ്ട കാര്യമല്ല എന്നും മന്ത്രി പറഞ്ഞു.

ലിംഗസമത്വത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് മിക്‌സ്ഡ് സ്‌കൂളുകള്‍ കൂടുതലായി വന്നതെന്നും മന്ത്രി പറഞ്ഞു.