അയോധ്യയിലെ വിജയഭേരി കാശിയിലേക്ക് പടർത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയം: കെടി ജലീൽ

single-img
2 February 2024

കാശിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ ഹൈന്ദവ വിഭാഗത്തിന് ജില്ലാ കോടതി അനുമതി നല്‍കിയതില്‍ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം ഹൈന്ദവ വിഭാഗം മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്തിയിരുന്നു.

അയോധ്യയിലെ “വിജയഭേരി” കാശിയിലേക്ക് പടർത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ എഴുതി. മതങ്ങളും വിശ്വാസങ്ങളും മനുഷ്യൻ്റെ സ്വാസ്ഥ്യം കെടുത്താനല്ല പിറവിയെടുത്തത്. മനുഷ്യ മനസ്സുകളെ ശാന്തിയുടെ തീരത്തേക്ക് ആനയിക്കാനാണ്.എല്ലാ അതിക്രമങ്ങൾക്കും ഒരന്ത്യമുണ്ടാകും. സത്യവും നീതിയും ന്യായവും അധികാരബലത്തിൽ കുറച്ചുകാലത്തേക്ക് മണ്ണിട്ട് മൂടാൻ കഴിഞ്ഞേക്കാം. പക്ഷെ ധർമ്മയുദ്ധത്തിൻ്റെ പര്യവസാനം അധർമ്മത്തിൻ്റെ പരാജയം തന്നെയാകുമെന്നും അദ്ദേഹം പറയുന്നു.

ദൈവം ഒന്നേയുള്ളൂ. വിവിധ മതക്കാർ വ്യത്യസ്ത ഭാഷകളിൽ വ്യതിരിക്ത പേരുകളിൽ വിളിക്കുന്നു എന്നുമാത്രം. ഈശ്വരനും അള്ളാഹുവും കർത്താവും ഒന്നുതന്നെ. അത് മനസ്സിലാകണമെങ്കിൽ സർവദർശനങ്ങളുടെയും ആന്തരാർത്ഥം ഉൾകൊള്ളാനാവാണം. സ്വാമി വിവേകാനന്ദൻ വഴിനടത്തിയ നാടിൻ്റെ ചിന്തകൾ ഭ്രാന്തമാകാതിരിക്കട്ടെയെന്നും ജലീൽ കുറിച്ചു.