ഒന്നാം വയസ്സില്‍ മതാചാരങ്ങളുടെ പേരില്‍ വിവാഹം; വർഷങ്ങൾക്ക് ശേഷം വിവാഹമോചനം നൽകി കോടതി

single-img
9 September 2022

ജോധ്പൂര്‍: ഒന്നാം വയസ്സില്‍ മതാചാരങ്ങളുടെ പേരില്‍ വിവാഹത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് 21-ാം വയസ്സില്‍ വിവാഹ മോചനം നല്‍കി രാജസ്ഥാനിലെ കുടുംബ കോടതി.

വിവാഹ ജീവിതം ആരംഭിക്കുന്നതിന് കുടുംബം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പെണ്‍കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

വ്യാഴാഴ്ച കുടുംബകോടതിയുടെ പ്രിസൈഡിങ് ഒഫീസര്‍ പ്രദീപ് കുമാര്‍ മോദിയാണ് വിവാഹം റദ്ദാക്കി ഉത്തരവിട്ടത്. മുത്തച്ഛന്‍റെ മരണശേഷം പെണ്‍കുട്ടിക്ക് ഒരു വയസുമാത്രം പ്രായമുള്ളപ്പോഴായിരുന്നു ഗ്രാമത്തിലെ ആണ്‍കുട്ടിയുമായി വിവാഹം നടത്തിയത്.

കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹചടങ്ങ് പൂര്‍ത്തിയാക്കണമെന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. എന്നാല്‍ നഴ്സ് ആകണമെന്ന് ആഗ്രഹമുള്ള പെണ്‍കുട്ടി തന്‍റെ സ്വപ്നങ്ങള്‍ക്ക് ബന്ധുക്കള്‍ തടസ്സം നില്‍ക്കുന്നുവെന്നാരോപിച്ച്‌ കുടുംബ കോടതിയെ സമീപിച്ചു. പെണ്‍കുട്ടി വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെ ജാതി പഞ്ചായത്ത് കൂടി അവരുടെ ബന്ധുക്കള്‍ പത്ത് ലക്ഷം രൂപ പിഴ നല്‍കണമെന്ന് ഉത്തരവിട്ടു.

ശൈശവവിവാഹമെന്ന ദുരാചാരം ഇതുവരെ തുടച്ചുനീക്കപ്പെട്ടിട്ടില്ലെന്നും എല്ലാവരും ഒന്നിച്ച്‌ ഇതിനെ ഇല്ലാതാക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

കോടതി ഉത്തരവിന് പിന്നാലെ വിധിക്ക് നന്ദി പറഞ്ഞ് യുവതി രംഗത്തെത്തി. ഒരു നഴ്സ് ആകണമെന്നാണ് തന്‍റെ സ്വപ്നമെന്നും ഇനി മുതല്‍ അതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. “ഇന്ന് എന്‍റെ ജന്മദിനമാണ്. എനിക്ക് 21 വയസ്സായിരിക്കുന്നു. ഈ വിധി എനിക്കും എന്‍റെ കുടുംബത്തിനും ലഭിച്ച പിറന്നാള്‍ സമ്മാനമായി ഞാന്‍ കാണുന്നു”- പെണ്‍കുട്ടി പറഞ്ഞു.