ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച്‌ എം ശിവശങ്കര്‍ തന്നെ താലിചാര്‍ത്തി;ശിവശങ്കരന്റെ പാര്‍വതിയായിരുന്നു ഞാൻ; സ്വപ്ന സുരേഷ്

single-img
10 October 2022

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച്‌ എം ശിവശങ്കര്‍ തന്നെ താലിചാര്‍ത്തിയെന്ന് സ്വപ്ന സുരേഷ്.

ചതിയുടെ പത്മവ്യൂഹം ‘ എന്ന ആത്മകഥയിലാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍. അമ്ബലത്തില്‍വച്ച്‌ ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു.

ഔദ്യോഗിക യാത്ര എന്ന നിലയില്‍ തമിഴ്നാട്ടില്‍ പോയപ്പോഴായിരുന്നു ഇത്. താന്‍ ശിവശങ്കരന്റെ പാര്‍വതിയായിരുന്നു. അറസ്റ്റിലായതിനു ശേഷം ആദ്യമായി എന്‍ഐഎ ഓഫിസില്‍ ശിവശങ്കറിനെ കാണുമ്ബോഴും കഴുത്തിലെ മഞ്ഞച്ചരടില്‍ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. മുന്‍ മന്ത്രി ലൈം​ഗിക താല്‍പ്പര്യത്തോടെ സമീപിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈംഗിക താല്‍പര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോണ്‍ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകള്‍, ജയില്‍ ഡിഐജി അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങളുണ്ട്. തൃശൂര്‍ കറന്റ് ബുക്സാണ് ‘ചതിയുടെ പത്മവ്യൂഹം ‘പുറത്തിറക്കിയത്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താന്‍ റിക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിനു തുടര്‍ഭരണം ഉണ്ടാവാനായിരുന്നു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഭരണം മാറിയാല്‍ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നും വിശ്വസിപ്പിച്ചാണ് ഓഡിയോ റിക്കോര്‍ഡ് ചെയ്യിച്ചത്.

മജിസ്ട്രേട്ടിനു നല്‍കിയ മൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പ്രിന്‍ക്ലര്‍ ഡേറ്റ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കോടികള്‍ സമ്ബാദിച്ചു. ആ വിഷയത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവരൊക്കെ പല തരത്തിലും വിധത്തിലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചരക്കുകൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.