പാകിസ്താന്‍ പുറത്തായി; ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക

single-img
11 November 2023

ഇന്നത്തെ പാകിസ്ഥാന്‍ – ഇംഗ്ലണ്ട് മത്സരത്തോടെ ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ടീമുകൾ ഏതൊക്കെ എന്ന് വ്യക്തമായി. ഇംഗ്ലണ്ടിനെതിരേ പാകിസ്താൻ പരാജയപ്പെട്ടതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറി.

മത്സരത്തിൽ ഇംഗ്ലണ്ട് 50 ഓവറില്‍ 337 റണ്‍സെടുത്തതോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രവേശനം അസാധ്യമായി മാറിയിരുന്നു . ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കണമെങ്കില്‍ പാകിസ്താന് ഈ ലക്ഷ്യം ചുരുങ്ങിയത് 6.4 ഓവറിനുള്ളില്‍ മറികടക്കണമായിരുന്നു. ഇത് തീർത്തും അസാധ്യമായി വന്നതോടെ ടീം സെമി കാണാതെ പുറത്തായി.

ഒരുപക്ഷെ ജയിച്ചാല്‍പ്പോലും പാകിസ്താന് അവസാന നാലിലെത്താനാകില്ല. ഫൈനല്‍ നവംബര്‍ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ആദ്യ സെമിയില്‍ ആതിഥേയരായ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. നവംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് മത്സരം.

നേരത്തെ 2019 ലോകകപ്പിലും ഇന്ത്യയും ന്യൂസീലന്‍ഡും സെമി കളിച്ചിരുന്നെങ്കിലും ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തി. രണ്ടാം സെമിയില്‍, അഞ്ചുതവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇതുവരെ കിരീടം നേടാത്ത ദക്ഷിണാഫ്രിക്കയെ നേരിടും. ഈ മാസം 6 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് ഈ മത്സരം.