ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യ; പ്രതി റുവൈസിനെ കോടതി കസ്റ്റഡിയിൽ വിട്ടു

single-img
12 December 2023

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറായിരുന്ന ഷഹ്ന ആത്മഹത്യ( ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിനെ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. വഞ്ചിയൂർ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് വിധി. കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇയാളെ കോടതി കസ്റ്റഡിയിൽ വിട്ടത്.

വളരെ ഗൗരവമുള്ള കുറ്റമാണിതെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം എസിജെഎം കോടതി റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് തള്ളിയത്. മാത്രമല്ല ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദവും കോടതി പരിഗണിച്ചു. മുഖ്യപ്രതിയായ റുവൈസ് അറസ്റ്റിലായെങ്കിലും പിതാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ വ്യക്തി ഒളിവിലാണെന്നാണ് വിവരം. ഇവരുടെ കരുനാഗപ്പള്ളിയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നേരത്തെ ഷഹ്നയുടെ മരണത്തിന് പിന്നാലെ റുവൈസും ഒളിവിൽ പോയിരുന്നു. പിന്നീട് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.