പ്രധാനമന്ത്രി മോദിയുടെ ബിരുദം കണ്ടിട്ടാണോ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്: അജിത് പവാർ

single-img
4 April 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാർ. പ്രധാനമന്ത്രിയുടെ ബിരുദം കണ്ടിട്ടാണോ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തതെന്ന് അജിത് പവാർ ചോദിച്ചു.

മോദിയുടെ എംഎ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ഗുജറാത്ത് സർവ്വകലാശാലയോട് നിർദ്ദേശിച്ച ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഉത്തരവ് തള്ളിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടിക്കെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് അജിത് പവാറിന്റെ പ്രസ്താവന.

പ്രധാനമന്ത്രിയുടെ അക്കാദമിക് ബിരുദത്തേക്കാൾ തൊഴിലും വിലക്കയറ്റവുമാണ് രാജ്യത്തെ യുവാക്കളുടെ പ്രധാന പ്രശ്‌നങ്ങളെന്നും അജിത് പവാർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നമ്മുടെ ജനാധിപത്യത്തിൽ പാർലമെന്റിനുള്ളിലെ ഭൂരിപക്ഷമാണ് പ്രധാനം. 543 സീറ്റുകളിൽ ഭൂരിപക്ഷമുള്ളയാൾ പ്രധാനമന്ത്രിയായി തുടരും. മെഡിക്കൽ മേഖലയിൽ പ്രാക്ടീസ് ചെയ്യാൻ എംബിബിഎസോ തത്തുല്യമായ ഏതെങ്കിലും ബിരുദമോ വേണമെന്നും

പക്ഷെ ഇവിടെ രാഷ്ട്രീയത്തിൽ അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുകയാണെന്ന് അജിത് പവാർ പറഞ്ഞു. ഇത് ചർച്ച ചെയ്യാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.