ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തി ഒന്നുമല്ല; യുഡിഎഫിൽ പ്രധാനഭാഗം മുസ്ലിം ലീഗ്: മുഖ്യമന്ത്രി

single-img
2 February 2023

കേരളത്തിൽ യുഡിഎഫിന്റെ പ്രധാനഭാഗം മുസ്ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ലീഗ് പ്രധാന ഭാഗമായിരിക്കുന്ന ഒന്നില്‍ നിന്ന് അവര്‍ മാറിപ്പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. യുഡിഎഫ് വിട്ട് ലീഗ് ഇങ്ങോട്ട് വരുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടൊപ്പം തന്നെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തി ഒന്നുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ പാര്‍ട്ടികളുമായി യോജിപ്പുണ്ടാക്കണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി നയിച്ച ‘ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പരിപാടിയാണ്. ആ പരിപാടിയിൽ സിപിഐഎം പങ്കെടുക്കണ്ട കാര്യമില്ല. ഒരു ജാഥയെ പരിഹസിക്കേണ്ട ആവശ്യം ഇല്ല. അത് രാഷ്ട്രീയ പരിപാടി ആണ്. ഞങ്ങളും അതിന്റെ ഭാഗമാകണം എന്ന് കരുതേണ്ടതില്ല’, മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം സംസ്ഥാനത്തെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ അതില്‍ ആഹ്ലാദിച്ചവരാണ് യുഡിഎഫ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇതോടൊപ്പം അദ്ദേഹം കേന്ദ്ര ബജറ്റില്‍ കേരളത്തെ അതിക്രൂരമായി അവഗണിച്ചു എന്ന് പറഞ്ഞു. കോണ്‍ഗ്രസ് കേരള വിരുദ്ധമായി ചെയ്യുന്നതിനൊക്കെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എണ്ണി എണ്ണി മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.