ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമ്മിറ്റി അംഗമായ യുവാവ് ആഭിചാരക്രിയ നടത്തിയതായി പരാതി

single-img
3 March 2023

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമ്മിറ്റി അംഗമായ യുവാവ് ആഭിചാരക്രിയ നടത്തിയതായി പരാതി.

യുവനേതാവിനെതിരെ ഭാര്യ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.

കായംകുളം സിപിഎം ഏരിയാ കമ്മിറ്റി അംഗമായ യുവനേതാവിനെതിരെയാണ് ഭാര്യയും ഭാര്യാപിതാവും പരാതി നല്‍കിയിരിക്കുന്നത്. പരസ്ത്രി ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിച്ചതായും ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരാതിയല്‍ പറയുന്നു. യുവാവ് മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവാണ്. ഭാര്യ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി
അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇരുവരുടെതും മിശ്രവിവാഹമായിരുന്നു.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഗാര്‍ഹികപീഡനം അനുവഭിക്കുകയാണെന്ന് യുവതിയുടെ കുടുംബം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ചയില്‍ പരസ്ത്രീ ബന്ധമുണ്ടാകില്ലെന്ന് ഏരിയാ കമ്മിറ്റി അംഗം ഉറപ്പ് നല്‍കിയിരുന്നതായും ഈ പരാതിയില്‍ പറയുന്നു. എന്നാല്‍ ആ ഉറപ്പ് ലംഘിച്ച്‌ മറ്റൊരു സ്ത്രീയുമായി യുവാവ് ബന്ധം തുടര്‍ന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ക്രൂരമായി മര്‍ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ യുവതി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

തന്നെ ഒഴിവാക്കാനായി പെണ്‍സുഹൃത്തുമായി ചേര്‍ന്ന് അമ്ബലങ്ങളില്‍ പോയി ആഭിചാരക്രിയകള്‍ നടത്തിയതായും ഇതിന്റെ തെളിവുകളും പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിക്കും അയച്ച പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഔദ്യോഗിക വാഹനം ഉപയോഗിച്ച്‌ യുവനേതാവും പെണ്‍സുഹൃത്തും യാത്രപോയതായും ഭാര്യയുടെ പരാതിയില്‍ പറയുന്നു.