അയോധ്യയിലെ രാമക്ഷേത്രം; ഉദ്ഘാടന ശേഷം 25 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തി;11 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചു

single-img
2 February 2024

ജനുവരി 22 ന് അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയ്ക്ക് ശേഷം 25 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തി, 11 കോടിയിലധികം രൂപ വഴിപാടായി നൽകിയതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ട് 11 ദിവസമായി, വഴിപാടായി 8 കോടി രൂപ സംഭാവന പെട്ടികളിൽ നിക്ഷേപിച്ചപ്പോൾ 3.5 കോടി രൂപ ചെക്കുകളിലൂടെയും ഓൺലൈൻ പേയ്‌മെൻ്റുകളിലൂടെയും സംഭാവന ചെയ്തതായി ക്ഷേത്ര ട്രസ്റ്റിൻ്റെ ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു.

പുതിയ ബാലക് റാം വിഗ്രഹവും രാം ലല്ല വിഗ്രഹവും ഉള്ള ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ ഭക്തർക്ക് വഴിപാടുകൾ നിക്ഷേപിക്കാൻ നാല് സംഭാവന പെട്ടികളുണ്ട്. ശ്രീകോവിലിനു മുന്നിലുള്ള ദേവതയെ പ്രാർത്ഥിക്കാൻ ഭക്തർ നടക്കുന്ന ‘ദർശന പാത’യിലാണ് അവ സ്ഥാപിച്ചിരിക്കുന്നത്. ഇതുകൂടാതെ ഡിജിറ്റൽ സംഭാവനകൾ നൽകുന്നതിനായി 10 കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ, രാമ ഭക്തർക്ക് ചെക്കുകളിലൂടെയും മറ്റ് ഓൺലൈൻ പേയ്‌മെൻ്റ് രീതികളിലൂടെയും വഴിപാട് നടത്താം.

വൈകുന്നേരം കൗണ്ടർ അടച്ചുകഴിഞ്ഞാൽ, 11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് പ്രവർത്തകരും ഉൾപ്പെടെ 14 തൊഴിലാളികൾ അടങ്ങുന്ന സംഘം സംഭാവനപ്പെട്ടികളിൽ നിക്ഷേപിച്ച വഴിപാടുകൾ എണ്ണുന്നു. സംഭാവനകൾ മുതൽ തുക കണക്കാക്കുന്നത് വരെയുള്ള മുഴുവൻ നടപടികളും സിസിടിവി നിരീക്ഷണത്തിലാണ് നടക്കുന്നത്.

ഉത്തരേന്ത്യയിലെ കൊടും തണുപ്പിന് ശമനമായതോടെ അടുത്ത ആഴ്ചകളിൽ കൂടുതൽ ഭക്തർ രാമക്ഷേത്രത്തിലെത്താൻ അയോധ്യ ഒരുങ്ങുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച സംസ്ഥാനത്തെയും ജില്ലയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ശ്രീരാമജന്മഭൂമി കോംപ്ലക്‌സ് കൺട്രോൾ റൂമിൽ കൂടിക്കാഴ്ച നടത്തി.

കാലാവസ്ഥ മെച്ചപ്പെടുകയും തണുപ്പ് കുറയുകയും ചെയ്തതോടെ അയോധ്യയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിലും രാമഭക്തരുടെ എണ്ണത്തിലും വർധനവ് പ്രതീക്ഷിക്കുന്നു. എല്ലാ ഭക്തജനങ്ങൾക്കും രാംലല്ലയുടെ ദർശനം സുഗമമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം,” അദ്ദേഹം പറഞ്ഞു.

അയോധ്യയെ ഇന്ത്യയിലെ മറ്റ് എട്ട് നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ് ഇന്നലെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു. ദർബംഗ, അഹമ്മദാബാദ്, ചെന്നൈ, ജയ്പൂർ, പട്‌ന, ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് സ്‌പൈസ്‌ജെറ്റ് എയർലൈൻസ് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനം പ്രഖ്യാപിച്ചു.