കേന്ദ്ര മന്ത്രി സ്ഥാനം എനിക്കൊരു ഭാരിച്ച ചുമതലയാവും: സുരേഷ് ഗോപി

single-img
6 June 2024

തൃശൂര്‍ മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രശംസിച്ചുകൊണ്ടുള്ള ബിജെപി നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ ഉപരിയായി വ്യക്തിപരമായ വോട്ടാണ് താന്‍ നേടിയതെന്ന് പറയുന്നില്ല. പലരുടേയും അധ്വാനത്തെ ചോദ്യം ചെയ്യുന്നതായിരിക്കും അതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സുരേഷ് ഗോപി നേടിയത് ബിജെപിയുടെ രാഷ്ട്രീയവോട്ടല്ല എന്ന അഭിപ്രായം ഉയരുന്നുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ‘അതിന് എന്റെ പക്കല്‍ മറുപടിയുണ്ട്. അത് പറഞ്ഞാല്‍ എന്റെ ലീഡര്‍ക്ക് കൊടുക്കുന്ന ചെളിയേറ് ആയിരിക്കും. ഞാന്‍ അദ്ദേഹത്തെ നെഞ്ചിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് അതൊരു ലൈസന്‍സാക്കി വേണ്ടാധീനം പറയുന്നവര്‍ക്ക് കരുതാം. ഞാന്‍ അവരെ തിരിച്ചൊന്നും പറയില്ല.’ സുരേഷ് ഗോപി പറഞ്ഞു.

ഇതോടൊപ്പം ,കേന്ദ്ര മന്ത്രി സ്ഥാനം തനിക്കൊരു ഭാരിച്ച ചുമതലയാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. പത്ത് വകുപ്പുകളുടെയും ഏകോപന ചുമതലയുള്ള എംപിയാകാനാണ് കൂടുതല്‍ താല്‍പര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രിസ്ഥാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി.